ഇഎസ്‌എ
കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഒഴിവാക്കണം: കർഷകസംഘം

ഇഎസ്‌എ കരട് വിജ്ഞാപനത്തിന്റെ പഞ്ചാത്തലത്തിൽ കേരള കർഷകസംഘം സംഘടിപ്പിച്ച കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എം ടി ജോസഫ് ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Sep 13, 2026, 12:35 AM | 1 min read
പൂഞ്ഞാർ
പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പൂർണമായി ഒഴിവാക്കണമെന്ന് കേരള കർഷകസംഘം പൂഞ്ഞാറിൽ സംഘടിപ്പിച്ച കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി, കൂട്ടിക്കൽ എന്നീ വില്ലേജുകളിലെ പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചത്. പൂഞ്ഞാർ തെക്കേക്കരയിൽ 271.25 ഹെക്ടർ, തീക്കോയിയിൽ 417.08 ഹെക്ടർ, മേലുകാവിൽ 313.58 ഹെക്ടർ, കൂട്ടിക്കലിൽ 1,288.82 ഹെക്ടർ ഉൾപ്പെടെ 2,298.73 ഹെക്ടർ പ്രദേശമാണ് പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയത്. ഇതിനു പുറമേ ബഫർസോൺ പരിധിയിൽ ഈ വില്ലേജുകളുടെയും സമീപ പ്രദേശങ്ങളുടെയും വലിയൊരു ഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൺവൻഷൻ ചൂണ്ടിക്കാട്ടി. കൃഷി, മൃഗസംരക്ഷണം, തോട്ടങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾ, നിലവിലുള്ള പാർപ്പിടങ്ങൾ എന്നിവയെ ബാധിക്കുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും കർഷകരുടെയും പ്രദേശവാസികളുടെയും ആശങ്കകളും അഭിപ്രായങ്ങളും പരിഗണിച്ച് കരട് വിജ്ഞാപനത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും ആവശ്യപ്പെട്ടു. കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എം ടി ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ഷാനവാസ്, ആർ നരേന്ദ്രനാഥ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറിമാരായ ഷമീം അഹമ്മദ്, ടി എസ് സിജു, കർഷകസംഘം പൂഞ്ഞാർ ഏരിയ സെക്രട്ടറി സി കെ ഹരിഹരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി സജിൻ, പൂഞ്ഞാർ ഏരിയ പ്രസിഡന്റ് ജെസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു. പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടത്വ സെന്റ് അലോഷ്യസ് കോളേജ് റിട്ട. പ്രൊഫ. ജോജി ജോസഫ് വയലിക്കുന്നേൽ തയ്യാറാക്കിയ നിവേദനം കൺവൻഷനിൽ എം ടി ജോസഫിന് കൈമാറി.









0 comments