ad
Deshabhimani

"മുണ്ട'യായ കയങ്ങളുള്ള 
മുണ്ടക്കയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 13, 2026, 12:21 AM | 1 min read


കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഹൈറേഞ്ചിലേക്കുള്ള കവാടമാണ്‌ മുണ്ടക്കയം. മലയോരത്തെ ഇ‍ൗ ചെറുനഗരത്തിന്റെ പേരും കുടിയേറ്റചരിത്രവുമെല്ലാം ഇതിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. മുണ്ടക്കയം എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളുണ്ട്‌. "മുണ്ട കയം' ആണ്‌ മുണ്ടക്കയമായതെന്നാണ്‌ ഒരു വാദം."മുണ്ട' എന്നാൽ ചെറിയ, അഥവാ ആഴം കുറഞ്ഞ എന്നർഥം. മണിമലയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തോട്‌ ചേർന്ന്‌ പുഴയിൽ കയങ്ങൾ കാണാം. ആഴം കുറഞ്ഞ കയങ്ങളുള്ള നാട്‌ "മുണ്ട- കയം എന്ന് വിളിക്കപ്പെട്ടു. ഇത്‌ പിന്നീട്‌ മുണ്ടക്കയമായതായി പറയപ്പെടുന്നു. പേരിനു പിന്നിൽ സസ്യശാസ്ത്രപരമായ ഐതിഹ്യവുമുണ്ട്‌. പണ്ട്‌ മണിമലയാറിന്റെ തീരങ്ങളിൽ "മുണ്ടകം' എന്ന മരം ധാരാളമായി വളർന്നിരുന്നു. ഇ‍ൗ മരം നിറഞ്ഞ, കയങ്ങളോടു ചേർന്നുള്ള സ്ഥലമെന്ന നിലയിൽ ‘മുണ്ടകക്കയം' എന്ന് അറിയപ്പെടുകയും, അത് പിന്നീട് സംസാരഭാഷയിൽ ലോപിച്ച് "മുണ്ടക്കയം' ആയി മാറുകയും ചെയ്‌തെന്നാണ്‌ ചിലർ വിശ്വസിക്കുന്നത്‌. ചില പ്രാദേശിക ചരിത്രകാരന്മാരുടെ വിലയിരുത്തലനുസരിച്ച് തിരുവിതാംകൂർ, പൂഞ്ഞാർ രാജവംശങ്ങളുടെ കടന്നുവരവിന് മുമ്പ്‌ ഇവിടെ സ്വാധീനമുണ്ടായിരുന്ന "മുണ്ടപ്പള്ളി' അഥവാ "മുണ്ട കുടുംബം' എന്ന പ്രാദേശിക കർഷക കൂട്ടായ്മയുമായി ഈ പേരിന് ബന്ധമുണ്ട്. മുണ്ട കുടുംബക്കാർ അധിവസിച്ചിരുന്നതും മണിമലയാറ്റിലെ വലിയ കയത്തിന് സമീപം സ്ഥിതിചെയ്തിരുന്നതുമായ പ്രദേശം എന്ന നിലയിൽ "മുണ്ടക്കയം' എന്ന പേര്‌ വന്നെന്നാണ്‌ ഒരു വാദം. പുരാതന ഗോത്രവിഭാഗങ്ങളിലൊന്നായ "മുണ്ട' വിഭാഗക്കാരുടെ പേരുമായും ചില ചരിത്രനിരീക്ഷകർ ഇതിനെ ബന്ധിപ്പിക്കുന്നു. മുണ്ടകൾ വസിച്ചിരുന്ന, കയമുള്ള നാട്‌ എന്ന നിലയിൽ മുണ്ടക്കയം എന്ന പേര്‌ വന്നെന്നാണ്‌ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home