print edition കെഎസ്‌യു അശ്ലീലവീഡിയോ നിർമാണം: ടെലിഗ്രാമിന്റെ മറുപടി ലഭിച്ചു, അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്

കൊച്ചി : കെഎസ്‌യു നേതാവ് ഉൾപ്പെട്ട സംഘം വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി മോർഫ് ചെയ്‌ത് അശ്ലീലവീഡിയോ നിർമിച്ച കേസിൽ ടെലഗ്രാമിൽനിന്ന് പൊലീസിന് മറുപടി ലഭിച്ചു. പ്രതികൾ നീക്കിയ അക്കൗണ്ടുകൾ തിരികെലഭിക്കാൻ ടെലിഗ്രാമിന് പൊലീസ് കത്ത് നൽകിയിരുന്നു.
അക്കൗണ്ടുകളെക്കുറിച്ചുള്ള ചില നിർണായക വിവരങ്ങൾ പൊലീസിന് കൈമാറിയതായാണ് സൂചന. കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ടെലിഗ്രാമിന് വീണ്ടും കത്ത് നൽകിയിട്ടുണ്ട്. അതേസമയം, കൂടുതൽ സംസ്ഥാനങ്ങളിലുള്ളവർ റാക്കറ്റിൽ ഉൾപ്പെട്ടതായി അന്വേഷകസംഘത്തിന് വിവരം ലഭിച്ചു. ജാർഖണ്ഡ് സ്വദേശിയെക്കുറിച്ച് നേരത്തേ പൊലീസിന് സൂചന ലഭിച്ചിരുന്നു.
ഇൗ വഴിക്കുള്ള അന്വേഷണത്തിലാണ് കൂടുതൽ സംസ്ഥാനങ്ങളിലുള്ളവർ റാക്കറ്റിലുള്ളതായി വിവരം ലഭിച്ചത്. ഇതിനായി ഇൗ സംസ്ഥാനങ്ങളിലുള്ള പൊലീസിന്റെ സൈബർവിഭാഗവുമായി അന്വേഷകസംഘം ബന്ധപ്പെട്ടിട്ടുണ്ട്. അറസ്‌റ്റിലായ തൃക്കാക്കര ഭാരതമാതാ കോളേജിലെ കെഎസ്‌യു നേതാവ് എസ് ശ്രീഹരി, മാവേലിക്കര ഐഎച്ച്‌ആർഡി കോളേജിലെ സനീഷ് എന്നിവരിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് ഇതരസംസ്ഥാനക്കാരുടെ വിവരങ്ങൾ ലഭിച്ചത്.
റാക്കറ്റിലുള്ളവർ വിദേശത്തുള്ള കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും മോർഫ് ചെയ്‌തതായും കണ്ടെത്തിയിരുന്നു. മലയാളി കുട്ടികളുടേതടക്കം അശ്ലീലവീഡിയോകളുണ്ട്. ഇത്തരം വീഡിയോ കൈമാറുന്നതിനായിമാത്രം പ്രത്യേക ഗ്രൂപ്പുകളുണ്ടെന്നും വ്യക്തമായി. കൂടുതൽ വിശദാംശങ്ങൾക്കായി സനീഷിനെ തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഇതിനായി കോടതിയിൽ അപേക്ഷ നൽകി. പണമിടപാടുകളുടെ വിവരശേഖരണവും പുരോഗമിക്കുകയാണ്.









0 comments