അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മകന്‍ തോട്ടപൊട്ടിച്ച് ജീവനൊടുക്കി

നന്ദനന്‍
ചാലക്കുടി
മേലൂര്‍ അടിച്ചിലിയില്‍ അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മകന്‍ തോട്ടപൊട്ടിച്ച് മരിച്ചു. അടിച്ചിലി മൂക്കിനിചിറയില്‍ ശനി പകല്‍ 11നാണ് സംഭവം. തൈവളപ്പില്‍ നന്ദനന്‍ (58) ആണ് മരിച്ചത്. അച്ഛന്‍ രാമകൃഷ്ണന് കഴുത്തിനും തലയ്ക്കും വെട്ടേറ്റു. ഗുരുതരാവസ്ഥയിലായ രാമകൃഷ്ണന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തോട്ടപൊട്ടി മരിച്ച നന്ദനന്റെ അരയ്ക്ക് താഴെ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ മൂക്കിനിചിറയിലെ രാമകൃഷ്ണന്റെ കൃഷിയിടത്തിലെത്തിയ നന്ദനന്‍ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും കെെയില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. തടയാന്‍ ചെന്ന രാമകൃഷ്ണന്റെ സഹായിക്കും പരിക്കേറ്റു. അച്ഛനെ വെട്ടിയശേഷം അരയില്‍ കെട്ടിവച്ചിരുന്ന തോട്ട സ്വയം പൊട്ടിച്ചാണ് നന്ദനന്‍ ജീവനൊടുക്കിയത്. സംഭവസ്ഥലത്ത് ഇലക്ട്രിക് വയറുകളും ബാറ്ററികളും ചിതറിക്കിടന്നിരുന്നു. അച്ഛനും മകനും തമ്മില്‍ കുറച്ചുനാളായി വഴക്കായിരുന്നു. സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു നന്ദനന്‍ താമസം. അവിവാഹിതനാണ്. ടാങ്കര്‍ ലോറിയിലായിരുന്നു ജോലി. കൊരട്ടി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.









0 comments