അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ഉപജില്ലാ മത്സരം പൂർത്തിയായി
പ്രതിഭാവിസ്മയത്തിൽ അറിവിൻ മുറ്റം

കാസർകോട് ഗവ. യുപി സ്കൂളിൽ നടന്ന കാസർകോട് ഉപജില്ലാ അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ എൽപി വിഭാഗത്തിൽ മത്സരിക്കുന്ന വിദ്യാർഥികൾ ഫോട്ടോ ശരത് കൽപ്പാത്തി
കാസർകോട്
അറിവിന്റെ മുറ്റത്ത് പ്രതിഭകൾ വിസ്മയം തീർത്തു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് സീസൺ 15ന്റെ രണ്ടാംഘട്ടം പൂർത്തിയായി. സ്കൂൾതല മത്സരങ്ങളിൽ തിളങ്ങളിയവരാണ് ഉപജില്ലാ കേന്ദ്രങ്ങളിൽ അറിവിന്റെ പോരാട്ടത്തിനെത്തിയത്. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിരുന്നു മത്സരം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ക്വിസിന് പുറമെ പ്രസംഗ മത്സരവുമുണ്ടായി. ജില്ലയിലെ സ്‌കൂളുകളിൽനിന്ന് പ്രാഥമികതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരായിരുന്നു ഏഴ് കേന്ദ്രങ്ങളിലായി നടന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തത്. മഞ്ചേശ്വരം, കുന്പള, കാസർകോട് ബേക്കൽ ഉപജില്ലകളിൽ കന്നഡ മീഡിയം വിദ്യാർഥികളും ആവേശത്തോടെ പങ്കെടുത്തു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗക്കാർക്കായി ഏർപ്പെടുത്തിയ പ്രസംഗ മത്സരത്തിലും വൻ വിദ്യാർഥി പങ്കാളിത്തമുണ്ടായി. ‘ജന്തർ മന്ദറിൽനിന്ന് ഇന്ത്യ പറയുന്നത്’ എന്ന വിഷയം ആഴത്തിൽ കുട്ടികൾ അവതരിപ്പിച്ചു. അമകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങളിൽ ഉത്തരവാദിത്തത്തോടെയുള്ള കുട്ടികളുടെ പ്രതികരണം അടയാളപ്പെടുത്തുന്നതായിരുന്നു അവതരണം. വിജയികൾക്ക് ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. വിജയികൾ പ്രതിനിധീകരിക്കുന്ന സ്‌കൂളുകൾക്കും മൊമന്റോ സമ്മാനിച്ചു. 25നാണ് ജില്ലാ മത്സരം. ക്വിസ് ഫെസ്‌റ്റിൽ ഉപജില്ലാ മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാരും പ്രസംഗ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരുമാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുക. ഹൊസ്‌ദുർഗ് ഉപജില്ലാ മത്സരം കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നഗരസഭാ ചെയർമാൻ വി വി രമേശൻ ഉദ്‌ഘാടനംചെയ്‌തു. ചെറുവത്തൂർ ഉപജില്ലാ മത്സരം കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി നാരായണൻ ഉദ്‌ഘാടനംചെയ്‌തു. കാസർകോട് ഉപജില്ലാ മത്സരം കാസർകോട് ഗവ. യുപി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്‌ഘാടനംചെയ്‌തു. മഞ്ചേശ്വരം ഉപജില്ലാ മത്സരം ഉപ്പള ജിഎച്ച്‌എസ്‌എസിൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് സിജി മാത്യുവും കുന്പള ഉപജില്ലാ മത്സരം പെർഡാല ജിഎച്ച്‌എസിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലനും ബേക്കൽ ഉപജില്ലാ മത്സരം പെരിയ ജിഎച്ച്‌എസ്‌എസിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിതയും ഉദ്‌ഘാടനംചെയ്‌തു. ചിറ്റാരിക്കാൽ ഉപജില്ലാ മത്സരം വരക്കാട് വള്ളിയോടൻ കേളുനായർ സ്‌മാരക എച്ച്‌എസ്‌എസിൽ ജില്ലാ പഞ്ചായത്ത് അംഗം ഡോ. സെറീന സലാമും ഉദ്‌ഘാടനംചെയ്‌തു.









0 comments