സംസ്ഥാനത്ത് പോക്സോ കേസുകൾ വർധിക്കുന്നു; പ്രതിദിനം പന്ത്രണ്ട് കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകളുടെ എണ്ണത്തിലാണ് ദിനംപ്രതി വർധനയുണ്ടാകുന്നത്. കേരള പൊലീസിന്റെ കണക്കുപ്രകാരം 2026 ജനുവരി മുതൽ സെപ്തംബർ വരെ 3,323 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതിദിനം ശരാശരി 12 കേസുകൾ.
കുട്ടികൾക്കെതിരായ വിവിധ കുറ്റകൃത്യങ്ങളിലായി ആകെ 3,848 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 3,323 എണ്ണവും പോക്സോ കേസുകളാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 61 കേസുകളും കൊലപാതകവുമായി ബന്ധപ്പെട്ട് 14 കേസുകളും രജിസ്റ്റർ ചെയ്തു.
2024ൽ 4,594 കേസുകളും 2025ൽ ഇത് 4,753 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തിനിടെ 159 കേസുകളുടെ വർധനയാണുണ്ടായത്. മലപ്പുറം ജില്ലയിലാണ് 2026ൽ കൂടൂതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 372 എണ്ണം. തിരുവനന്തപുരം റൂറൽ - 297, കൊല്ലം റൂറൽ- 199, പാലക്കാട് - 196, ആലപ്പുഴ - 193 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
റെയിൽവേ പൊലീസിന്റെ പരിധിയിൽ മാത്രം 14 കേസുകളുണ്ട്. 2025ൽ അഞ്ച് കേസുകളായിരുന്നു റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്തത്. ജില്ലകളിൽ ഇടുക്കിയിലാണ് കേസുകൾ കുറവ്- 114.
2026ലെ ജില്ല തിരിച്ചുള്ള കണക്കുകൾ (സിറ്റി, റൂറൽ കണക്കുകൾ സംയോജിപ്പിച്ചുള്ളത്)
തിരുവനന്തപുരം - 454
കൊല്ലം - 354
പത്തനംതിട്ട - 171
ആലപ്പുഴ- 193
കോട്ടയം- 137
ഇടുക്കി- 114
എറണാകുളം- 297
തൃശൂർ- 290
പാലക്കാട്- 196
മലപ്പുറം- 372
കോഴിക്കോട്- 296
വയനാട്- 142
കണ്ണൂർ- 140
കാസർകോട്- 153
റെയിൽവേ പൊലീസ് -14
ആകെ- 3,323
2026ലെ ആകെ കണക്ക്
കുട്ടികൾക്കെതിരായ വിവിധ കുറ്റകൃത്യങ്ങൾ- 3,848
രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ- 3,323.
ഗുരുതര ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ- 1,556.
കൂടുതലും പെൺകുട്ടികൾ
2025ലും 26ലും അതിക്രമത്തിനിരയായവരുടെ കണക്കുകളെടുക്കുമ്പോൾ പെൺകുട്ടികളാണ് കൂടുതലും. 86 ശതമാനം. 2025ൽ 15 മുതൽ 18 വയസ്സുവരെയുള്ള 2,666 കുട്ടികൾ അതിക്രമത്തിനിരയായി. 72 ശതമാനത്തോളം പ്രതികളും കുട്ടികൾക്ക് പരിചയമുള്ളവരാണ്. 22 ശതമാനം അതിക്രമങ്ങളും നടന്നത് കുട്ടികളുടെ സ്വന്തം വീടുകളിലാണ്. പ്രതികളിൽ 91 ശതമാനവും പുരുഷന്മാരാണ്.
ഗുരുതര ലൈംഗികാതിക്രമ കേസുകൾ
പോക്സോ നിയമത്തിലെ 4, 6 വകുപ്പുകൾ പ്രകാരവും ബലാത്സംഗവുമായി ബന്ധപ്പെട്ട ഐപിസി/ബിഎൻഎസ് വകുപ്പുകൾ ചേർത്തും 2026 സെപ്തംബർ വരെ 1,556 കേസുകൾ രജിസ്റ്റർ ചെയ്തു. 2025ൽ ഇത് 2,242 ആയിരുന്നു.
പോക്സോ (Protection of Children from Sexual Offences Act)
Protection of Children from Sexual Offences Act 2012 എന്നതിന്റെ ചുരുക്കമാണ് പോക്സോ (POCSO). ലൈംഗികാതിക്രമങ്ങളിൽനിന്ന് 18 വയസ്സിന് താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണിത്. 2012ലാണ് ഇന്ത്യയിൽ നിയമം ആരംഭിച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ നിയമത്തിന്റെ സംരക്ഷണം ലഭിക്കും.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലൈംഗിക പീഡനം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്പർശനം, ലൈംഗിക ചുവയോടെയുള്ള സംസാരവും അധിക്ഷേപവും, കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ നിർമിക്കാൻ ഉപയോഗിക്കൽ, ഗുരുതര ലൈംഗികാതിക്രമം എന്നിവയെല്ലാം പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്.
കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് തടവുശിക്ഷ, ജീവപര്യന്തം തടവ്, പിഴ എന്നിവയും ചില അതിഗുരുതര കുറ്റങ്ങൾക്ക് വധശിക്ഷയും നിയമത്തിലുണ്ട്. അതിക്രമത്തിനിരയായ കുട്ടിയുടെ പേരോ ചിത്രമോ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളോ പുറത്തുവിടുന്നതിനും കുറ്റമാണ്.








0 comments