പോക്‌സോ കേസ് പ്രതിക്ക് 16 വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും

പേരാമ്പ്ര : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പേരാമ്പ്ര ആയടക്കണ്ടി ക്ഷേത്രത്തിലെ പൂജാരിയായ സോമന് (46) ശിക്ഷ വിധിച്ചത്.
2023 ജൂൺ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റ്യാടിക്ക് സമീപമുള്ള അതിജീവിതയുടെ വീട്ടിലെത്തിയ പ്രതി മന്ത്രിച്ച ചരട് കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു. മന്ത്രിച്ച ചരട് കെട്ടിയാൽ രോഗശാന്തിയും ഉന്നതവിദ്യാഭ്യാസവും ലഭിക്കുമെന്നും ഫലം ലഭിക്കണമെങ്കിൽ ശാരീരികബന്ധത്തിലേർപ്പെടണമെന്നും പറഞ്ഞാണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്.
സംഭവത്തിന്റെ തൊട്ടടുത്ത ദിവസം അതിജീവിതയുടെ ബന്ധുക്കൾ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും തുടർന്ന് കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ പേരാമ്പ്രയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിന്റെ വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയും ചെയ്തു.








0 comments