Deshabhimani

ആദായനികുതി വകുപ്പും കെണിയിൽ വീണു; കൊച്ചിയിൽ 2.6 കോടിയുടെ ഓൺലൈൻ വെട്ടിപ്പ്

incom tax
വെബ് ഡെസ്ക്

Published on Nov 29, 2026, 11:00 AM | 2 min read

കൊച്ചി: വ്യാജ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരിൽ ടി ഡി എസ് ക്രെഡിറ്റുകള്‍ നിര്‍മിച്ച് ആദായനികുതി വകുപ്പിൽ നിന്നും 2.6 കോടി രൂപ കവര്‍ന്നു. ആദായ നികുതി വകുപ്പ് നൽകിയ പരാതി പ്രകാരം കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 2.6 കോടി രൂപ റീഫണ്ട് ഇനത്തിൽ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.


സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത് വകുപ്പിന് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. 2025 ൽ 'ഡയറക്ടർ സ്കിൽ ഡെവലപ്‌മെന്റ് ഫോർ റൂറൽ വിമൻ എംപവർമെന്റ്' എന്ന പേരിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ സ്ഥാപനത്തിന്റെ പേരിൽ പ്രതികള്‍ ടാൻ നമ്പര്‍ സംഘടിപ്പിച്ചു. ആദായനികുതി വകുപ്പിനും മറ്റ് സർക്കാർ സംവിധാനങ്ങൾക്കും കീഴിലുള്ള പല ഡിജിറ്റൽ സേവനങ്ങളും കൈകാര്യം ചെയ്യുന്ന പ്രോട്ടീൻ (PROTEAN) ഇ-ഗവേണൻസ് വെബ്‌സൈറ്റ് വഴിയാണ് ടാൻ നമ്പര്‍ എടുത്തത്. തുടർന്ന് ഇത് ഉപയോഗിച്ച് അക്കൗണ്ട് ഓഫീസ് ഐഡന്റിഫിക്കേഷൻ നമ്പറും (AIN) അതിന് കീഴിൽ മറ്റ് മൂന്ന് ടാൻ നമ്പറുകളും നേടിയെടുത്തതായും പരാതിയിൽ പറയുന്നു.


ഇവ ഉപയോഗിച്ചാണ് 28.26 കോടി രൂപയുടെ വ്യാജ ടിഡിഎസ് ക്രെഡിറ്റുകൾ നിർമ്മിച്ചത്. ഇവ യഥാർത്ഥമാണെന്ന വ്യാജേന ഫോം 26Q വഴി പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. ഈ ക്രെഡിറ്റുകൾ ഉപയോഗിച്ച് വിവിധ വ്യക്തികളുടെ 155 പാൻ കാർഡുകൾ വഴി റീഫണ്ടിനായി അപേക്ഷ സമർപ്പിച്ചു. ഇതിൽ 16 പാൻ കാർഡ് ഉടമകളുടെ പേരിൽ ആദായനികുതി വകുപ്പിൽ നിന്ന് 2.6 കോടി രൂപ റീഫണ്ടായി കൈക്കലാക്കി.


സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) 318(4), 319(2), 336(3), 340(2), 3(5) എന്നീ വകുപ്പുകൾ പ്രകാരവും ഐ.ടി ആക്ടിലെ 66C, 66D വകുപ്പുകൾ പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തട്ടിപ്പിന് ഉപയോഗിച്ച പാൻ കാർഡുകളും പണം എത്തിയ ബാങ്ക് അക്കൗണ്ടുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഘത്തിന്റെ മറവിൽ പണം കൈപ്പറ്റിയ ബാങ്ക് അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞതായി അന്വേഷണം സംഘം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home