വീണ്ടും പുകഞ്ഞ് മറ്റത്തൂർ

പ്രത്യേക ലേഖകൻ
Published on Jun 28, 2026, 12:07 AM | 2 min read
തൃശൂർ
ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെയുള്ള പടയൊരുക്കത്തിൽ വീണ്ടും പുകഞ്ഞ് മറ്റത്തൂർ. മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് നിയമനത്തെ തുടർന്നാണ് ജില്ലാ കോൺഗ്രസിൽ പുതിയ പൊട്ടിത്തെറിക്ക് വഴിതുറന്ന് മറ്റത്തൂരിലെ വിമത വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം ഡിസിസി ഓഫീസിലെത്തി പ്രതിഷേധിച്ചവർ ബിജെപിക്കാരാണെന്ന് ജോസഫ് ടാജറ്റ് പ്രസ്‌താവനയിറക്കിയിരുന്നു. ഇതിനെതിരെ ശനിയാഴ്‌ച തൃശൂരിൽ വാർത്താ സമ്മേളനം നടത്തിയ വിമതർ കടുത്ത ആക്രമണമാണ് ഡിസിസി പ്രസിഡന്റിനെതിരെ അഴിച്ചുവിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പുറത്താക്കാൻ കോൺഗ്രസ് പാർലമെന്ററി പാർടിയിൽനിന്ന് രാജിവച്ച് ബിജെപിയുമായി കൂട്ടുചേർന്നവരാണ് വാർത്താസമ്മേളനം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി ബാന്ധവത്തെത്തുടർന്നുള്ള തർക്കത്തിൽ മണ്ഡലം പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇൗ ഒഴിവിൽ നിയമിക്കപ്പെട്ടയാൾ കോൺഗ്രസുകാരനല്ലെന്നും പണം കൈപ്പറ്റിയാണ് ഡിസിസി പ്രസിഡന്റ് മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. 11 വർഷമായി കോൺഗ്രസുമായി ബന്ധമില്ലാത്തയാളെ ഡിസിസി പ്രസിഡന്റ് പണം വാങ്ങി മണ്ഡലം പ്രസിഡന്റാക്കിയെന്ന് ശനിയാഴ്‌ചയിലെ വാർത്താസമ്മേളനത്തിലും വിമതർ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മറ്റത്തൂരിൽ സ്‌ക്രീനിങ് കമ്മിറ്റി അംഗീകരിച്ച സ്ഥാനാർഥിപ്പട്ടിക പണം വാങ്ങി ഡിസിസി പ്രസിഡന്റ് അട്ടിമറിച്ചുവെന്നും ഇവർ ആരോപിച്ചു. തെരഞ്ഞെടുപ്പിനുശേഷം മറ്റത്തൂരിൽ പാർലമെന്ററി പാർടി യോഗം വിളിച്ചുചേർക്കാൻ തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ കൗണ്ടിങ് ഏജന്റായി പ്രവർത്തിച്ച തന്നെ ബിജെപിക്കാരൻ എന്നുവിളിക്കുന്നതിനുപിന്നിൽ പ്രത്യേക താൽപ്പര്യങ്ങൾ ഉണ്ടെന്ന് നടപടി നേരിട്ട ഡിസിസി സെക്രട്ടറി ടി എം ചന്ദ്രൻ വർത്താസമ്മേളനത്തിൽ പറഞ്ഞു. പദവി ദുരുപയോഗം ചെയ്‌ത് ഡിസിസി പ്രസിഡന്റ് സമ്പത്ത് വാരിക്കൂട്ടുകയാണ്. മണലൂരിൽ പ്രവർത്തനത്തിനിറങ്ങാൻ ഡിസിസി പ്രസിഡന്റ് തയ്യാറായില്ല. ഒല്ലൂരിൽ രാഹുൽഗാന്ധിയുടെ പരിപാടി ബോധപൂർവം ഒഴിവാക്കി. വടക്കാഞ്ചേരിയും ഗുരുവായൂരും നഷ്‌ടപ്പെടുത്തിയത് ഡിസിസി പ്രസിഡന്റിന്റെ താൽപ്പര്യമാണെന്നും വിമതർ ആരോപിക്കുന്നു. പരസ്യ പോർമുഖം തുറന്നത് മറ്റത്തൂരിലെ വിമതരിലൂടെയാണെങ്കിലും ഇത് അവർ ഒറ്റയ്‌ക്ക് നടത്തുന്ന നീക്കമല്ല. നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെത്തുടർന്ന് ഒല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്ത് ഉയർത്തിയ പ്രതിഷേധവും ജില്ലയിലെ മറ്റിടങ്ങളിലെ പ്രതിഷേധങ്ങളും എല്ലാം ചേർത്തുവായിക്കണമെന്ന് കോൺഗ്രസി പ്രവർത്തകർ പറയുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ജില്ലയിൽ പിടിമുറുക്കാൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പടയൊരുക്കം എന്നാണ് കരുതപ്പെടുന്നത്.










0 comments