മൂവാറ്റുപുഴയാറിൽ മരിച്ചത് ദന്പതികളും മകനും; ഒരു കുട്ടിയെ കണ്ടെത്താനായില്ല


സ്വന്തം ലേഖകൻ
Published on Jun 28, 2026, 01:20 AM | 2 min read
പിറവം
മൂവാറ്റുപുഴയാറിൽ പിറവത്ത് വെള്ളിയാഴ്‌ച യുവതിയുടെയും രണ്ടുവയസുള്ള മകന്റെയും മൃതദേഹം കണ്ടെത്തിയതിനുപിന്നാലെ ശനിയാഴ്‌ച യുവതിയുടെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. പായിപ്ര മാനാറി പാലക്കാപ്പറമ്പിൽ പി വി വിജിമോൾ (44), പാലക്കാട് നെന്മാറ എലവഞ്ചേരി കുമ്പളക്കോട് നഗറിൽ നാരായണൻ (51), ഇവരുടെ രണ്ടു വയസുള്ള ആൺകുട്ടി എന്നിവരാണ് മരിച്ചത്. ദന്പതികളുടെ മകൾ ഹന്നമോളെ (8) കണ്ടെത്താനായിട്ടില്ല.
വെള്ളി വൈകിട്ട് 4.30നാണ് മുളക്കുളം കളമ്പൂർ പാലത്തിന് മുകൾവശം കടവിനോടു ചേർന്ന് പുഴയിൽ ഒഴുകുന്ന നിലയിൽ വിജിമോളുടെയും മുളക്കുളം ആറാട്ട് കടവിനടുത്തുനിന്ന് ആൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടത്. ബന്ധുക്കളെത്തി ശനി രാവിലെ ഇവരെ തിരിച്ചറിഞ്ഞു. പിന്നാലെ പകൽ 12ന് ഐഎൻടിയുസി കടവിൽ നിന്ന് നാരായണന്റെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഞായറാഴ്‌ച തൃപ്പൂണിത്തുറ ശ്‌മശാനത്തിൽ.
മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിയാൻ പിറവം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. പിറവത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ നാലുപേരും ഒന്നിച്ചെത്തിയ ദൃശ്യങ്ങളും വിവിധ പ്രദേശങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുംവച്ച് വെള്ളി രാത്രി വൈകി ഇവരേക്കുറിച്ച് സൂചന കിട്ടി. ശനി രാവിലെ ബന്ധുക്കളെത്തി പിറവം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
പൂർണ കാഴ്ചപരിമിതിയുള്ളയാളാണ് വിജി. കോതമംഗലത്തെ വിവിധ വാടകവീടുകളിലാണ് കുടുംബം താമസിച്ചിരുന്നത്. ഏറ്റവുമൊടുവിൽ ചെറുവട്ടൂരിൽ വാടകയ്ക്ക് താമസിച്ചു. ഒരാഴ്‌ച മുമ്പ് ഇവിടെ നിന്നു മാറി. നാരായണൻ പായിപ്രയിലെ ഒരു വീട്ടിൽ ജോലി ചെയ്തിരുന്നു. ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി പറയുന്നു. ദന്പതികൾ ഇളയ കുട്ടിയുമായി ലോട്ടറി വിറ്റും വിവിധ ആരാധനാലയങ്ങളിലെത്തി സംഭാവനകൾ സ്വീകരിച്ചുമാണ് ജീവിതം തള്ളിനീക്കിയത്.
വ്യാഴം പകൽ 2.45 ന് കോതമംഗലം പള്ളിയിൽ എത്തി സഹായം വാങ്ങിയതായി പറയുന്നു. വൈകിട്ട് അഞ്ചോടെ പിറവം ചിൽഡ്രൻസ് പാർക്കിൽ എത്തി. രാത്രി എട്ടിന് പിറവം പോസ്റ്റ് ഓഫീസ് ജങ്‌ഷനിലെ ഐശ്വര്യ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചശേഷം സമീപത്തെ യാക്കോബായ പള്ളിയിലും രാത്രി ഒമ്പതോടെ പിറവം വലിയ പള്ളിയിലും എത്തിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
പിറവം എക്സൈസ് കടവിൽ നിന്നും മരിച്ച കുട്ടിയുടെതെന്ന് സംശയിക്കുന്ന ചെരിപ്പ് പിറവം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് പുഴയിലേക്ക് ഇറങ്ങിയതായാണ് സംശയം. കാണാതായ ഹന്നാമോൾ ചെറുവട്ടൂർ ഗവ. സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. വിജിമോളുടെ അച്ഛൻ: വിജയൻ. അമ്മ: ജഗദമ്മ. സഹോദരങ്ങൾ: വിഷ്ണു, വിജേഷ്.










0 comments