അയോധ്യക്ഷേത്രക്കൊള്ള
print edition മോദിക്ക് മിണ്ടാട്ടമില്ല


സ്വന്തം ലേഖകൻ
Published on Jun 28, 2026, 02:12 AM | 1 min read
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ ശതകോടികളുടെ കൊള്ള തെളിവുസഹിതം പുറത്തുവന്ന് നാലാഴ്‌ച പിന്നിടുമ്പോഴും മൗനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്തര്‍ നൽകിയ കോടികൾ വിലമതിക്കുന്ന കാണിക്കയും സംഭാവനകളും കൊള്ളയടിച്ച ട്രസ്റ്റിന് രൂപംനൽകിയത് പ്രധാനമന്ത്രിയുടെ ഓഫീസാണ്.
ക്ഷേത്രനിർമാണ കമ്മിറ്റി ചെയർമാനും ട്രസ്റ്റ് അംഗവുമായ നൃപേന്ദ്ര മിശ്ര മോദിയുടെ വിശ്വസ്‌തനും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. രാജിവച്ച ആർഎസ്‌എസ് നേതാക്കളായ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായും ട്രസ്റ്റ് അംഗം അനിൽ മിശ്രയും മോദിയുടെ അടുപ്പക്കാരും.
കൊള്ളയെക്കുറിച്ച് ചില സംഘപരിവാർ നേതാക്കൾ പരാതിപ്പെട്ടതോടെയാണ് നൃപേന്ദ്ര മിശ്രയെ മോദി അന്വേഷണത്തിന് അയോധ്യയിലയച്ചത്. കവർച്ച ബോധ്യപ്പെട്ട മിശ്ര കാര്യങ്ങൾ മോദിയെ അറിയിച്ചു.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് യുപി സർക്കാർ പ്രത്യേകാന്വേഷണ സംഘ(എസ്‌ഐടി)ത്തിന് രൂപംനൽകിയത്. എന്നാൽ എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം കേസെടുത്ത പൊലീസ് ചമ്പത് റായിയെയും അനിൽ മിശ്രയെയും ഒഴിവാക്കി. പിഎംഒയുടെ നിർദേശപ്രകാരമാണിതെന്ന ആക്ഷേപം ശക്തം. എഫ്ഐആർ പോലും ഇല്ലാതെയാണ് 12 ദിവസം അന്വേഷണം നടന്നത്.
ചമ്പത് റായിയെയും അനിൽ മിശ്രയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ സന്യാസിമാരടക്കമുള്ളവരില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. ട്രസ്റ്റ് എന്നാൽ വിശ്വാസമെന്നാണ് അർഥമെന്നും അത് നഷ്‌ടമായെന്നും അയോധ്യാ കേസിലെ ഹർജിക്കാരിലൊരാളായ സ്വാമി ധരംദാസ് പറഞ്ഞു. എഫ്ഐആർ വെറും പ്രഹസനമാണെന്ന് ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി പ്രതികരിച്ചു.
ട്രസ്റ്റിലെ എല്ലാവരും കള്ളൻമാരാണെന്ന് ബജ്‌രംഗ്‌ദൾ സ്ഥാപക പ്രസിഡന്റും അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിലെ മുൻ എംപിയുമായ വിനയ് കത്യാർ പ്രതികരിച്ചിരുന്നു. ട്രസ്റ്റിലെ എല്ലാവരും ശിക്ഷയനുഭവിക്കണമെന്നും കത്യാർ പറഞ്ഞു.
ബാബ്‌റി മസ്‌ജിദ് തകർത്ത കേസിൽ എൽ കെ അദ്വാനിക്കൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന സന്തോഷ് ദുബെയും ട്രസ്റ്റിനെതിരെ രംഗത്തുണ്ട്. കൊള്ളയ്‌ക്കെതിരെ പൊലീസിൽ ആദ്യം പരാതിപ്പെട്ടത് ദുബെയാണ്. ‘‘ക്ഷേത്രം സംരക്ഷിക്കേണ്ടവർ ക്ഷേത്രസ്വത്ത് കൊള്ളയടിച്ചു. ട്രസ്റ്റിലെ എല്ലാവരും കള്ളൻമാരാണ്. അവർക്ക് ഉന്നതങ്ങളിൽ സ്വാധീനമുണ്ട്. അവർക്കെതിരെ നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കും’’ –ദുബെ പറഞ്ഞു.











0 comments