കുഞ്ഞുങ്ങളോടും കേന്ദ്രസർക്കാർ വിവേചനം ജില്ലയിലെ അങ്കണവാടികൾക്ക് കിട്ടാനുള്ളത് 3.9 കോടി രൂപ

കാസർകോട് കേന്ദ്ര അവഗണനയെതുടർന്ന് ജില്ലയിലെ അങ്കണവാടികൾക്ക് കിട്ടാനുള്ളത് 3.9 കോടി രൂപ. സംസ്ഥാനത്തിനാകെ കുടിശ്ശികയായുള്ളത് 26 കോടി രൂപയാണ്. ഇതിൽ ഏറ്റവും കൂടുതൽ തുക കിട്ടാനുള്ളത് കാസർകോടിനാണ്. പോഷൺ അഭിയാൻ പദ്ധതി പ്രകാരം നൽകാനുള്ള വിഹിതമാണ് കേന്ദ്രം പിടിച്ചുവച്ചിരിക്കുന്നത്. ഇൻസന്റീവുകളും കമ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെ തുകയും ഉൾപ്പെടെ മാസങ്ങളായി കുടിശ്ശികയെന്നാണ് വിവരാവകാശ രേഖകളിൽനിന്ന് ലഭിക്കുന്ന വിവരം. കേന്ദ്ര സർക്കാരിന്റെ വിവേചനത്തിൽ കുട്ടികളും അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും നിലവിൽ ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. കുഞ്ഞുങ്ങളുടെ വളർച്ചാനിരിക്ഷണത്തിനും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സംരക്ഷണത്തിനുമായാണ് കമ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെ ഫണ്ട്. ഇത്തരം പരിപാടികൾക്ക് വർക്കർമാർക്ക് ഒന്നിന് 250 രൂപ വീതം ലഭിക്കണം. എന്നാൽ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 10,60,500 രൂപയാണ് ഇൗയിനത്തിൽ കുടിശ്ശിക. 14 ജില്ലകളിലുമായി 3.63 കോടി രൂപയാണ് കിട്ടാനുള്ളത്. മാസത്തിൽ 21 ദിവസമെങ്കിലുമുള്ള പ്രവർത്തനം, 60 ശതമാനം ഭവനസന്ദർശനവും 80 ശതമാനം വളർച്ചാ നിരീക്ഷണവും പൂർത്തിയാക്കിയുള്ള പോഷൺ ട്രാക്കർ ആപ്പിലെ അപ്‌ഡേഷൻ എന്നിവയാണ് പോഷൺ അഭിയാൻ പദ്ധതി ആനുകൂല്യത്തിനുള്ള മാർഗരേഖ. ഇൗ കർശന മാനദണ്ഡം പാലിക്കുന്ന അങ്കണവാടികൾക്കുമാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. നിബന്ധനകൾ കൃത്യമായി പാലിച്ചിട്ടും തുക നൽകാതെ പ്രയാസത്തിലാക്കുകയാണ് കേന്ദ്രം. സംയോജിത ശിശുവികസന പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന അങ്കണവാടികളുടെ പ്രധാന നടത്തിപ്പ് ചെലവുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 എന്ന അനുപാതത്തിലാണ് പങ്കിടുന്നത്. ജില്ലയിലെ ആയിരക്കണക്കിന് അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വരുമാനത്തെയും ദൈനംദിന ജീവിതത്തെയും ഈ ഫണ്ട് കുറവ് നേരിട്ട് ബാധിക്കുന്നുണ്ട്. ഒപ്പം കുട്ടികൾക്കും അമ്മമാർക്കുമുള്ള പോഷകാഹാര വിതരണത്തിലും കുറവുവരും. നിലവിൽ സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നും പ്രശ്‌നത്തിൽ യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. കേന്ദ്ര അവഗണനയ്‌ക്കുപുറമെ കോവിഡ് കാലത്തുണ്ടായ പ്രതിസന്ധിയിലും അങ്കണവാടികളെ സംരക്ഷിക്കുന്ന എല്ലാ നടപടിയുമെടുത്താണ് അന്ന് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയത്.











0 comments