ad
Deshabhimani

വായനയിൽ ചേർത്തുനിർത്താനിതാ ‘ശബ്ദാക്ഷരങ്ങൾ’

വായനയിൽ വിവിധ പരിമിതികൾ നേരിടുന്നവർക്കായി പുസ്‌തകങ്ങളെ ഓഡിയോ ഫയലുകളാക്കുന്ന പടന്നക്കാട്‌ നെഹ്‌റു 
കോളേജിലെ വിദ്യാർഥികൾ
വെബ് ഡെസ്ക്

Published on Jun 28, 2026, 03:00 AM | 1 min read

കാസർകോട്‌ മഹാകവി -പിയുടെ ‘എന്നെ തിരയുന്ന ഞാന്‍’, അക്ബർ കക്കട്ടിലിന്റെ ‘അധ്യാപക കഥകൾ’, ബഷീറിന്റെ ‘പ്രേമലേഖന’വും ‘മതിലുക’ളും, കാക്കനാടന്റെ ‘രണ്ടാം പിറവി’ തൊട്ട്‌ നിമ്‌നാ വിജയ്‌യുടെ ‘ഏറ്റവും പ്രിയപ്പെട്ട നിന്നോട്’ -വരെയുണ്ട്‌ കൂട്ടത്തിൽ. വെറും മൂന്നുദിവസംകൊണ്ടാണ്‌ ‘അക്ഷരക്കെട്ടു’കൾ തെളിഞ്ഞതും സ്‌ഫുടവുമായ ശബ്‌ദരൂപത്തിലേക്കായത്‌. പടന്നക്കാട്‌ നെഹ്‌റു കോളേജിലെ എൻഎസ്‌എസ്‌ യൂണിറ്റ്‌–5 ലെ വളണ്ടിയർമാരും കൂട്ടുകാരുമെല്ലാം റെക്കോർഡുചെയ്‌ത്‌ ‘റെക്കോർഡിടുന്ന’ തിരക്കിലാണ്‌. ‘അറിവിലേക്കൊരു യാത്ര’ എന്ന പേരിൽ വായനയിൽ പരിമിതികൾ നേരിടുന്നവർക്കായി പുസ്‌തകങ്ങളെ ഓഡിയോ ഫയലുകളാക്കുകയാണിവർ. 100 പുസ്‌തകങ്ങളാണ്‌ അക്ഷരങ്ങളുടെ വലയം ഭേദിക്കുന്നത്‌. വായന മാസാചരണവുമായി ബന്ധപ്പെട്ടാണ്‌ വ്യത്യസ്‌തമായ നിലയിൽ പരിപാടി തുടങ്ങിയത്‌. വായനാ പരിമിതികളും കാഴ്ചശക്തി കുറഞ്ഞവരുമായവരുൾപ്പെടെ 30 ലധികം ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന കലാലയമാണിത്‌. അതുകൊണ്ടുതന്നെ വിദ്യാർഥികൾ ആവേശത്തോടെ ‘ഓഡിയോ ബുക്‌സ്‌’ എന്ന ആശയം ഏറ്റെടുത്തു. എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസറായ കെ സനോജാണ്‌ ആശയം മുന്നോട്ടുവച്ചത്‌. എല്ലാ യൂണിറ്റുകളെയും ഏകോപിപ്പിച്ച്‌ ഉദ്യമം വിപുലപ്പെടുത്താനാണ്‌ പദ്ധതി. അങ്ങനെയെങ്കിൽ 100 ലധികം പുസ്‌തകങ്ങൾ ശബ്ദ രൂപത്തിലാകുമെന്നാണ്‌ പ്രതീക്ഷ. ഒരാൾ ഒരു പുസ്‌തകം എന്ന നിലയിലാണ്‌ നിലവിൽ റെക്കോർഡുചെയ്യുന്നത്‌. ഓരോരുത്തരും അവരവരുടെ വീടുകളിൽവച്ചാണ്‌ റെക്കോർഡിങ്‌. പൂർത്തിയായവ ഗൂഗിൾ ഡ്രൈവിൽ സ്‌റ്റോറുചെയ്യും. ആദ്യഘട്ടത്തിൽ തയ്യാറാക്കിയ 20 ഓഡിയോ ബുക്കുകൾ എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർ കെ സനോജ്‌ കോളേജ്‌ ലൈബ്രേറിയൻ കെ മനോജിന്‌ കൈമാറി. 17നാണ്‌ പദ്ധതി തുടങ്ങിയത്‌. അടുത്തമാസം ഇതേ തീയതിയ്‌ക്കുള്ളിൽ ലക്ഷ്യം പൂർത്തിയാക്കാനാവുമെന്നാണ്‌ കരുതുന്നത്‌. ഓഡിയോ ഫയലുകൾ അർഹരായ വലിയ വിഭാഗം ആളുകളിലേക്കെത്തിക്കാനും ഉപയോഗിക്കാനുമായി സർവകലാശാല ലൈബ്രറിയിലേക്കുതന്നെ കൈമാറാനും ആലോചനയുണ്ട്‌. ഇന്ത്യൻ പകർപ്പവകാശ നിയമത്തിൽ കാഴ്‌ച പരിമിതർക്കായി പറഞ്ഞ സാധ്യതകൾ ഉൾപ്പെടെ മനസിലാക്കിയാണ്‌ കൃതികൾ തെരഞ്ഞെടുത്തത്‌. ‘മറ്റൊരാൾക്ക്‌ വേണ്ടിയാണെങ്കിൽക്കൂടി ഒരു കുട്ടി ഒരു പുസ്‌തകം വായിക്കുന്നു. പുസ്‌തകത്തിലേക്കും വായനയിലേക്കും ആ വ്യക്തിയും മറ്റൊരു വ്യക്തിയും കൂടുതൽ അടുക്കാനിടവരുന്നു. അപ്പോൾ വായന കൂടുതൽ വിപുലമാവുന്നു. ഇതിന്‌ തുടർച്ചയുണ്ടാകുമെന്നുതന്നെയാണ്‌ പ്രതീക്ഷ’– കെ സനോജ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home