കളി മുറുകുന്നു, ജഴ്‌സിക്കട കടലാകുന്നു

പാലക്കാട് നഗരത്തിലെ തെരുവോരക്കടയിൽ വിൽപ്പനയ്-ക്കെത്തിച്ച ജഴ്‌സികൾ

സായൂജ് ചന്ദ്രൻ
Published on Jun 28, 2026, 01:21 AM | 1 min read
പാലക്കാട്
ലോകകപ്പ് ഫുട്‌ബോൾ പകുതി ദിവസം പിന്നിടുമ്പോഴും തെരുവുകളിൽ ജഴ്‌സി വർണങ്ങൾ ഒഴിയുന്നില്ല. ഇഷ്ട ടീമുകളുടെ ജഴ്‌സികൾ സ്വന്തമാക്കാൻ ആരാധകരുടെ നീണ്ടനിരയാണ്. കളി കാര്യത്തോടടുക്കുമ്പോൾ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പറിനാണ് ആവശ്യക്കാരേറെ. ആദ്യ മത്സരം വിമർശനങ്ങൾക്ക് വഴിവച്ചെങ്കിലും രണ്ടാം കളിയിലെ തകർപ്പൻ മടങ്ങിവരവ് ജഴ്‌സി വിൽപ്പനയിലും പോയിന്റ് ഉയർത്തി. കഴിഞ്ഞ ലോകകപ്പ് കാലങ്ങളിലൊന്നും ചുവപ്പൻ ജഴ്‌സി ഇത്തരത്തിൽ വിറ്റുപോയിട്ടില്ല. അതിനാൽ താരതമ്യേനെ കുറവ് ജഴ്‌സികൾ മാത്രമാണ് വിൽപ്പനയ്‌ക്കെത്തിച്ചത്. എന്നാൽ, ഇത്തവണ മത്സരങ്ങൾ ആരംഭിക്കുന്നതിനുമുന്പേ റൊണാൾഡോ ആരാധകർ കളംനിറഞ്ഞു. പോർച്ചുഗൽ ജഴ്‌സി എളുപ്പത്തിൽ വിറ്റുപോയി. ശേഷിക്കുന്ന മത്സരങ്ങളിലും മുന്നിട്ട് നിൽക്കുമെന്ന പ്രതീക്ഷയിൽ കൂടുതൽ ജഴ്‌സികൾ വിതരണത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് കച്ചവടക്കാർ. അർജന്റീന, ബ്രസീൽ ആരാധകർ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. മെസിയുടെയും നെയ്‌മറിന്റെയും കുപ്പായത്തിനും ആവശ്യക്കാരേറെയാണ്. തൂക്കിയിട്ട ബ്രസീലിന്റെ മഞ്ഞ ജഴ്‌സികളിൽ വിനീഷ്യസ് ജൂനിയറെ തിരയുന്നവരുമുണ്ട്. ഇതുകൂടാതെ ഫ്രാൻസ് താരം കിലിയൻ എംബാപ്പെ, സ്‌പെയിൻ താരം ലമീൻ യമാൽ എന്നിവരുടെ ജഴ്‌സികളും മികച്ച രീതിയിൽ വിറ്റുപോകുന്നുണ്ട്. കാൽപ്പന്ത് ആവേശം അവാസനഘട്ടത്തിലേക്ക് അടുക്കുമ്പോൾ കൂടുതൽ പോയിന്റുകൾ തെരുവോരക്കച്ചവട കേന്ദ്രങ്ങളിലെ തിരിപ്പുർ ജഴ്‌സികൾക്കാണ്. തിരുപ്പൂരിലെ തുണിമില്ലുകളിൽനിന്ന് കുറഞ്ഞ വിലയ്‌ക്കുവാങ്ങി വിൽക്കുന്നതാണ് രീതി. 140 രൂപ മുതൽ വിലയുണ്ട്. വലിയ കടകളിൽ 300 രൂപ മുതലും വിലയുണ്ട്.










0 comments