Deshabhimani

ചാലക്കുടിപ്പുഴയിലെ മീൻസമൃദ്ധി അവസാനിക്കുന്നു

chalakkudi puzha

വെറ്റിലപ്പാറ പാലത്തിന് സമീപം ചാലക്കുടിപ്പുഴയില്‍ മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളി (സതീഷ്‌കുമാര്‍ പകര്‍ത്തിയ ചിത്രം)

വെബ് ഡെസ്ക്

Published on Nov 12, 2026, 12:00 AM | 1 min read

ചാലക്കുടി

വിവിധയിനം മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്ന ചാലക്കുടിപ്പുഴയിലെ മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നു. മ‍ീൻപിടിത്തത്തിലൂടെ ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ ദുരിതത്തിൽ. പുഴയിലേക്ക് ഒഴുകിയെത്തുന്ന കീടനാശിനിയടക്കമുള്ള മാലിന്യങ്ങളാണ് മീനിന്റെ നാശത്തിന് കാരണമാകുന്നത്. 1970 കളില്‍ പ്രതിദിനം ആയിരം കിലോയോളം മ‍ീൻ ചാലക്കുടിപ്പുഴയില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് പകുതിയില്‍ താഴെയായി കുറഞ്ഞു. 98ഇനം മത്സ്യങ്ങളാല്‍ സമ്പന്നമായിരുന്നു ഒരുകാലത്ത് ചാലക്കുടി പുഴ. 1994-97കാലഘട്ടത്തില്‍ ചാലക്കുടിപ്പുഴയില്‍ അഞ്ച് ഇനം പുതിയ മത്സ്യങ്ങളെയും കണ്ടെത്തിയിരുന്നു. പുഴയോരങ്ങളിലെ കണ്ടല്‍ക്കാടുകള്‍, പുഴയിലെ ശുദ്ധമായ വെള്ളം എന്നിവയൊക്കെയാണ് പുഴയിലെ മത്സ്യസമ്പത്തിന് കാരണമായി പറയുന്നത്. പുഴയിലേക്ക് അനിയന്ത്രിതമായി ഒഴുകിയെത്തിയ മാലിന്യങ്ങള്‍ മത്സ്യസമ്പത്ത് കുറയാന്‍ കാരണമായി. തേയിലത്തോട്ടങ്ങളിലടിക്കുന്ന കീടനാശിനികളും വളവും ചാലക്കുടിപ്പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ചുറ്റുപാടുമുള്ള ചില ഫാക്‌ടറികളിലേയും സ്ഥാപനങ്ങളിലേയും രാസമാലിന്യങ്ങളും ഒഴുകിയെത്തുന്നുണ്ട്. ഇതിന്‌ പുറമെ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായിട്ടുണ്ട്‌. ചാലക്കുടിപ്പുഴയില്‍ കണ്ടെത്തിയ 98 ഇനത്തില്‍ 18ഇനം മീനുകൾ വംശമറ്റുപോയി. 27ഇനങ്ങളാണ് ഭക്ഷ്യയോഗ്യമായുള്ളത്. പത്തെണ്ണം അലങ്കാരമത്സ്യ ഇനത്തില്‍പ്പെട്ടതാണ്. 44ഇനങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും 75മീറ്റര്‍ മുകളിലാണ് കാണപ്പെടുന്നത്. 12 ഇനം ദേശാടന മത്സ്യങ്ങളാണ്. കണമ്പ്, കരിമീന്‍, ചെമ്പല്ലി, വറ്റ, വാള എന്നി നാടന്‍ ഇനങ്ങള്‍ ചാലക്കുടിപ്പുഴയില്‍ സുലഭമായിരുന്നു. കണ്ടാളി, പെരുവല, അടക്കംകൊല്ലി എന്നീ വലകൾ ഉപയാഗിച്ച് മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികളാണ് ഒരുകാലത്ത് ചാലക്കുടിപ്പുഴയില്‍ സജീവമായി മ‍ീൻപിടിത്തം നടത്തിയിരുന്നത്. പുഴയോരങ്ങളും കണ്ടല്‍ക്കാടുകളും നശിപ്പിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവൃത്തികളും കീടനാശിനിയടക്കമുള്ളവ പുഴയിലേക്ക് ഒഴുക്കിവിടുന്നതും നിയന്ത്രിച്ചില്ലെങ്കിലും ചാലക്കുടിപ്പുഴയിലെ മത്സ്യസമ്പത്ത് പാടേ നശിക്കാനും പുഴയിലെ ആവാസവ്യവസ്ഥതന്നെ തകരാനും ഇടയാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home