Deshabhimani

കളിക്കാനാളില്ല, 
ടര്‍ഫ് കോര്‍ട്ട് ഉപയോഗശൂന്യമാകുന്നു

ചാലക്കുടി ബോയ്‌സ് സ്‌കൂളിന്റെ പുതിയ ഗ്രൗണ്ടില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ട്‌
വെബ് ഡെസ്ക്

Published on Nov 02, 2026, 12:19 AM | 1 min read

ചാലക്കുടി

കളിക്കാനാളില്ലത്തതിനാൽ കോടികള്‍ മുടക്കി നിര്‍മിച്ച ടര്‍ഫ് കോര്‍ട്ട് ഉപയോഗശൂന്യമായി. ഗവ. ബോയ്‌സ് സ്‌കൂളിന്റെ പുതിയ ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടര്‍ഫ് കോര്‍ട്ടാണ് ആര്‍ക്കും വേണ്ടാതായത്. ഇതോടെ ഇതിനായി ചെലവിട്ട മൂന്നര കോടി പാഴായി. ടര്‍ഫ് കോര്‍ട്ട് വേണ്ടെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ച് സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എയുടെ പിടിവാശി മൂലമാണ് കോര്‍ട്ട് നിര്‍മിച്ചതെന്ന്‌ ആരോപണം. ദേശീയപാതയോരത്ത് ബോയ്‌സ് ഗ്രൗണ്ടിന് എതിര്‍ ഭാഗത്ത് നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടടക്കം പ്രദേശത്തെ പല ടര്‍ഫ് കോര്‍ട്ടുകളും കളിക്കാന്‍ ആളില്ലാതായതോടെ പൊളിച്ചുമാറ്റുന്ന സമയത്താണ് പുതിയ ടര്‍ഫ് കോര്‍ട്ട് നിര്‍മിച്ചത്. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തതോടെ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട് നഷ്ടപ്പെട്ടിരുന്നു. പി വി രാമകൃഷ്ണനടക്കമുള്ള ദേശീയ താരങ്ങള്‍ കളിച്ചുവളര്‍ന്ന ഇവിടെ പുതിയ ഗ്രൗണ്ട് വേണമെന്നായിരുന്നു കായികതാരങ്ങളുടേയും നാട്ടുകാരുടേയും ആവശ്യം. ബി ഡി ദേവസി എംഎല്‍എ ആയിരുന്ന കാലത്ത് ഇവിടെ കളിക്കാരുടെ ആഗ്രഹപ്രകാരമുള്ള ആറ് ട്രാക്കോട് കൂടിയ ഗ്രൗണ്ടും സ്റ്റേഡിയവും നിര്‍മിക്കാന്‍ അഞ്ച് കോടി അനുവദിച്ചിരുന്നു. ഹൈടെക്‌ സ്‌കൂളടക്കം സ്‌കൂള്‍ കോമ്പൗണ്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഗ്രൗണ്ടിന് സ്ഥലം ഒരുക്കാനായി ഒരു ഭാഗത്തേക്ക് നീക്കിയാണ് പണിതത്. എന്നാല്‍, പിന്നീട് വന്ന എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ് നേരത്തെ തീരുമാനിച്ച പ്രകാരമുള്ള ഗ്രൗണ്ട് നിര്‍മിക്കാന്‍ തയ്യാറായില്ല. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും, മുന്‍ എംഎല്‍എയുടെ കാലത്ത് അനുവദിച്ച അഞ്ച് കോടിയില്‍നിന്ന്‌ മൂന്നര കോടിയോളം ഉപയോഗിച്ച് ടര്‍ഫ് കോര്‍ട്ട് നിര്‍മിക്കുകയായിരുന്നു. കോര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അനുബന്ധ പ്രവൃത്തികള്‍ ഇനിയും നടത്തിയിട്ടില്ല. കോര്‍ട്ട് തുറന്ന് കൊടുക്കാന്‍ വേണ്ട നടപടികളും ഇതുവരേയും ആയില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home