Deshabhimani

പരിസ്ഥിതിലോല മേഖലയിൽനിന്ന്‌ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണം

സിപിഐ എം വിപുലീകൃത തൃശൂർ ജില്ലാ കമ്മിറ്റിക്ക്  തുടക്കം കുറിച്ച് ബേബിജോൺ നഗറിൽ മുതിർന്ന നേതാവ് എം കെ കണ്ണൻ പതാക ഉയർത്തുന്നു
വെബ് ഡെസ്ക്

Published on Oct 01, 2026, 01:20 AM | 1 min read

ബേബി ജോൺ നഗർ 
(തൃശൂർ നളിനം ഓഡിറ്റോറിയം)

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട്‌ പട്ടികയിൽനിന്ന്‌ ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും തോട്ടങ്ങളും പൂർണമായും ഒഴിവാക്കണമെന്ന്‌ സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, പരിയാരം വില്ലേജുകളുടെ വിസ്‌തീർണം 690.35 ചതുരശ്ര കിലോമീറ്ററാണ്‌. ഇതിൽ 643.57 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതിലോല പ്രദേശമായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ജില്ലയിൽ വന്യജീവി സങ്കേതങ്ങളോട്‌ ചേർന്നുകിടക്കുന്ന വില്ലേജുകളിലെ സർവേ നന്പറുകളിലെ ഭൂമികൾ പരിസ്ഥിതിലോല പ്രദേശമാണോയെന്ന്‌ വ്യക്തത വരുത്തണം. വനംവകുപ്പ്‌ രേഖയിലെ വനം വിസ്‌തൃതിയും നോട്ടിഫിക്കേഷനിലെ വനം വിസ്‌തൃതിയും തമ്മിൽ പൊരുത്തക്കേടുകളുണ്ട്‌. റവന്യൂ വില്ലേജ്‌ അതിർത്തിയും വനാതിർത്തിയും തമ്മിലും വ്യത്യാസം നിലനിൽക്കുന്നു. ഇത്തരം പൊരുത്തക്കേടുകൾ പരിഹരിക്കണം. പരിസ്ഥിതിലോല പ്ര ദേശ പരിധിയിൽ നിർമാണ പ്രവൃത്തികൾ അ നുവദനീയമല്ല. വീടുകളുടെ അറ്റകുറ്റപ്പണിപോലും തടസ്സപ്പെടും. കൃഷിയും അസാധ്യമാകും.

2026 ജൂലൈ 26ന്‌ പുറത്തിറക്കിയ ഉത്തരവ്‌ പ്രകാരം സംസ്ഥാനത്തെ 131 വില്ലേജുകളിലെ മലയോര മേഖലയോട്‌ ചേർന്ന സർവേ നന്പറുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്‌. എൽഡിഎഫ്‌ ഭരണകാലത്ത്‌ നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കുന്പോൾ 98 വില്ലേജുകളാണ്‌ പരിസ്ഥിതിലോല മേഖലയായി രേഖപ്പെടുത്തിയിരുന്നത്‌. ആ വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും തോട്ടങ്ങളും ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.

റവന്യൂ ഭൂമികൾ തിട്ടപ്പെടുത്തി വനഭൂമിക്കുള്ളിൽ മാത്രമായി പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കണം. ഇക്കാര്യത്തിൽ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ നിയമസഭ പാസാക്കിയ പ്രമേയത്തിൽ പറയുംവിധം കാര്യങ്ങൾ നടപ്പാക്കണം. ഇതിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റംഗം എം ബാലാജി പ്രമേയം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home