ഇഡി ലക്ഷ്യംവയ്‌ക്കുന്നത് സിപിഐ എമ്മിനെ

തൃശൂർ
കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ ആയുധമായി മാറിയ ഇഡി സിപിഐ എമ്മിനെയും പാർടി നേതാക്കളെയും ലക്ഷ്യം വയ്‌ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റിയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയായ അന്വേഷണം നടത്താൻ ഇഡിക്ക് താൽപ്പര്യമില്ല. കോടികൾ മറിഞ്ഞ കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ ഇഡി തയ്യാറായില്ല. അസമിലും ബംഗാളിലും ചിട്ടി ഫണ്ട് തട്ടിപ്പുകേസിൽ പ്രതികൾ ബിജെപിയിലെത്തിയതോടെ കേ സ് അവസാനിച്ചു. ഇവർ ഇന്ന് അസമിലും ബംഗാളിലും മുഖ്യമന്ത്രിമാരാണ്. സുഖമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞ കാലത്ത് അവശനായ തന്നെക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ബലമായി മൊഴിയിൽ വിരൽ പതിപ്പിക്കുകയായിരുന്നുവെന്ന് സിഎംആർഎൽ എംഡി ശശിധരൻ കർത്ത രണ്ടുവർഷം മുന്പ് ഇഡിക്ക് നൽകിയ സ്‌റ്റേറ്റ്‌മെന്റ് പുറത്തുവന്നിരിക്കയാണ്. അതോടെ എക്‌സാലോജിക് കേസ് ഇല്ലാതായി. അപ്പോൾ കേസ് ഹവാലയാക്കി. അവിടെയും ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്ന് പരാതി ഉയർന്നിട്ടുണ്ട്. കരുവന്നൂർ കേസിൽ യഥാർഥ പ്രതികളെ മാപ്പുസാക്ഷികളാക്കി, അവരുടെ മൊഴിയിൽ പാർടി നേതാക്കളെ പ്രതിചേർത്തു. സിപിഐ എമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയായാൽ പിഎംഎൽഎ കേസിൽ പ്രതിചേർക്കും എന്ന സ്ഥിതിയാണ്– അദ്ദേഹം പറഞ്ഞു.









0 comments