എല്ലാം തള്ള്; മൂന്നാം ബജറ്റിലും തൃശൂരിന് ‘ഗോപി’


സ്വന്തം ലേഖകൻ
Published on Feb 02, 2026, 01:25 AM | 1 min read
തൃശൂർ
തൃശൂരിന്റെ വികസനമെന്ന ബിജെപിയുടെയും സുരേഷ് ഗോപി എംപിയുടെയും പ്രഖ്യാപനങ്ങൾ വെറും ‘തള്ളി’ലൊതുങ്ങി. ‘വികസിത തൃശൂർ’ എന്ന പേരിൽ രൂപരേഖ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ പ്രകാശിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇൗ രൂപരേഖ കേന്ദ്ര മന്ത്രിമാർക്ക് നൽകി അതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തൃശൂരിൽ വൻ വികസനം കൊണ്ടുവരുമെന്നുള്ള തള്ളും നടത്തി. ഇതെല്ലാം തട്ടിപ്പായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തി വൻ വാഗ്‌ദാനങ്ങളാണ് നൽകിയത്. എന്നാൽ നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ തൃശൂരിനെ പൂർണമായും അവഗണിക്കുകയായിരുന്നു. ഗുരുവായൂർ, തൃപ്രയാർ, വടക്കുന്നാഥ ക്ഷേത്രം, കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്, പാലയൂർ പള്ളി എന്നിങ്ങനെ ബന്ധിപ്പിച്ച് തീർഥാടന ടൂറിസത്തിന് ഒട്ടേറെ സാധ്യതയുണ്ട്. അതിരപ്പിള്ളിയിലും പുത്തൂർ സുവോളജിക്കൽ പാർക്കിലും കൂടുതൽ വൻപദ്ധതികൾ നടപ്പാക്കാനാവും. എന്നാൽ സുരേഷ് ഗോപിക്ക് ടൂറിസം വകുപ്പിന്റെ ചുമതലയുണ്ടായിട്ടും ചില്ലിക്കാശ് അനുവദിച്ചില്ല. പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്ര സന്ദർശനവേളയിൽ ക്ഷേത്ര നവീകരണത്തിന് നൂറുകോടിയുടെ പദ്ധതി കൊച്ചിൻ ദേവസ്വംബോർഡ് സമർപ്പിച്ചിരുന്നു. ഇത്തവണയും അതിനു പരിഗണനയുണ്ടായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ശക്തൻ തമ്പുരാൻ കൊട്ടാരം സന്ദർശിച്ച് പ്രഖ്യാപിച്ച പദ്ധതിയും വെറും വാക്കായി. റെയിൽവേ സർവേ നടത്തി ചെലവ് കണക്കാക്കിയ കൊല്ലങ്കോട്– - തൃശൂർ റെയിൽവേ ലൈൻ, മെഡിക്കൽ കോളേജ് നെഞ്ച് രോഗ്രാശുപത്രിയെ സമഗ്ര കാൻസർ കെയർ സെന്ററാക്കി മാറ്റുക, കലാമണ്ഡലത്തെ അന്താരാഷ്ട്ര 'സെന്റർ ഓഫ് എക്സലൻസ്' ആക്കുക, ആയുർവേദ ഗവേഷണത്തിനായി ദേശീയ പഞ്ചകർമ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നവീകരണം തുടങ്ങി കെ രാധാകൃഷ്ണൻ എംപിയുടെ നിർദേശങ്ങളേയും പൂർണമായി അവഗണിച്ചു.










0 comments