കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ ഓഫീസർ പിടിയിൽ

കെ എ ജയപ്രകാശ്
ഗുരുവായൂര്‍
ഗുരുവായൂരിലെ പ്രമുഖ ഹോട്ടലിന്റെ മാനേജരില്‍നിന്ന് കൈക്കൂലി വാങ്ങിയ അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. --------ചാവക്കാട് ലേബര്‍ ഓഫീസറായിരുന്ന, നിലവിൽ കാക്കനാട് ജോലിചെയ്യുന്ന കെ എ ജയപ്രകാശിനെയാണ് തൃശൂര്‍ വിജിലന്‍സ് സംഘം പിടികൂടിയത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പാഞ്ചജന്യം ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന പഴയിടം രുചി ഹോട്ടലില്‍ ആഗസ്‌ത് 30ന് റെയ്ഡ് നടത്തിയശേഷം ഇവിടെ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവശ്യമായ രേഖകളില്ലെന്നും നടപടിയെടുക്കാതിരിക്കണമെങ്കില്‍ തന്നെ കണേണ്ടപോലെ കാണണമെന്നും സര്‍വീസ് മാനേജരോട് നിര്‍ദേശിച്ചു. പലവട്ടം ജയപ്രകാശ് ഹോട്ടല്‍ മാനേജരുടെ ഫോണില്‍ വിളിച്ച് പണം നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി. സെപ്തംബര്‍ 10ന് ലേബ ര്‍ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കുകയും ചെയ്തു. പിന്നീട് ജയപ്രകാശ് മാനേജരെ വീണ്ടും ഫോണില്‍ വിളിച്ച് 16ന് ഓഫീസില്‍ എത്തിയാല്‍ മതിയെന്ന് അറിയിച്ചു. മാനേജര്‍ ലേബര്‍ ഓഫീസില്‍ എത്തി ജയപ്രകാശിനെ കണ്ടു. നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ 10,000 രൂപ കൈ ക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആദ്യപടിയായി 5000 രൂപ വാങ്ങുകയും ചെയ്തു. ഇതിനിടെ ജയപ്രകാശിനെ ചാവക്കാട്നിന്ന് കാക്കനാട് ലേബര്‍ ഓഫീസിലേക്ക് മാറ്റി. ഈ വിവരം മാനേജരില്‍നിന്നും മറച്ചുവച്ച് വീണ്ടും ഫോണില്‍ വിളിച്ച് ബാക്കി തുകയായ 5000 ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ നേരിട്ട് പണം കൈപറ്റാമെന്ന് അറിയിച്ചു. ഇക്കാര്യം മാനേജര്‍ വിജിലന്‍സിനെ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പണം വാങ്ങാന്‍ ഹോട്ടലിലെത്തിയ ജയപ്രകാശിനെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.









0 comments