ad
Deshabhimani

ബോട്ട്‌ യാത്ര ദുർഘടം

ജലപാത മുടക്കി കുളവാ‍ഴ‍‍ അടിയിൽ അപകടപ്പാറ

കാട്ട‍ൂരിൽ പുഴയിൽ കുളവാഴ നിറഞ്ഞ നിലയിൽ

കാട്ട‍ൂരിൽ പുഴയിൽ കുളവാഴ നിറഞ്ഞ നിലയിൽ

വെബ് ഡെസ്ക്

Published on Jul 26, 2026, 12:00 AM | 1 min read

തൃശൂർ

ദേശീയ ജലപാതയെന്നാണ്‌ പേര്‌. എന്നാൽ, കുളവാഴയും മറ്റു പുൽപ്പടർപ്പുകളും നിറഞ്ഞ ഇതിലൂടെയുള്ള ബോട്ട്‌ യാത്ര ദുർഘടം പിടിച്ചതാണ്. വെള്ളത്തിനടിയിലെ പാറകൾ അപകടസാധ്യത വർധിപ്പിക്കുന്നു. ജില്ലയിൽ കോട്ടപ്പുറം മുതൽ ചേറ്റുവവരെ ജലപാതയിൽ പല ഭാഗങ്ങളും ഏറെ ശോച്യാവസ്ഥയിലാണ്‌. ഇതുകാരണം ടൂറിസം ബോട്ടുകൾക്ക്‌ ചേറ്റുവയിൽനിന്ന്‌ കൊടുങ്ങല്ലൂർ ഭാഗത്തേക്ക്‌ സർവീസ്‌ നടത്താനാവാത്ത സ്ഥിതിയാണ്‌. മാത്രമല്ല, മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിത്തത്തിനും തടസ്സമാണ്‌. ഓണത്തോടനുബന്ധിച്ച്‌ കണ്ടശാങ്കടവ്‌, തൃപ്രയാർ വള്ളംകളിക്ക്‌ ബോട്ടുകൾ എത്തിക്കാനാവാത്തവിധം ദുര്‍ഘടമാണീ ജലപാത. കൊടുങ്ങല്ലൂർ കൃഷ്‌ണൻകോട്ട കഴിഞ്ഞുള്ള തുരുത്തിപ്പുറം ഭാഗത്തും തൃപ്രയാറിനടുത്ത്‌ കല്ലുംകടവിലും വെള്ളത്തിനടിയിലെ പാറകളാണ് ബോട്ടുകൾക്ക് ഭീഷണി സൃഷ്ടിക്കുന്നത്. പരിചിതരല്ലെങ്കിൽ പാറയിൽ തട്ടി ബോട്ട്‌ മറിയും. ദേശീയ ജലപാതയുടെ ഭാഗമായി ബംഗ്ലാവ് കടവിൽ പണികഴിപ്പിച്ച ബോട്ട് ജെട്ടി കാടുപിടിച്ച് ഉപയോഗശൂന്യമായി. കുളവാഴയും പുൽപ്പടർപ്പുകളും പുഴയിലേക്ക് വീണുകിടക്കുന്ന മരങ്ങളും ലൈസൻസില്ലാതെ സ്ഥാപിക്കുന്ന ഊന്നിക്കുറ്റികളും ജലപാതയ്‌ക്ക് തടസ്സമാണെന്ന്‌ ബോട്ടുടമകൾ പരാതിപ്പെടുന്നു. മധുരന്പിള്ളി പാലം മുതൽ കോഴിത്തുന്പ്‌ വരെ സ്ഥിതി വളരെ മോശമാണ്‌. സമീപത്തെ പറന്പുകളിലെ മരങ്ങൾ പുഴയിലേക്ക്‌ വീണുകിടക്കുന്നതിനാൽ ഇവിടെനിന്നും ബോട്ടുകൾക്ക്‌ തിരിച്ചുപോകേണ്ടിവരികയാണ്. ചെമ്മാപ്പുള്ളി കടവിലേക്ക് സോളാർ ബോട്ട്‌ കൊണ്ടുവരാനായി കുളവാഴകൾ മാറ്റാനും മരങ്ങൾ വെട്ടിമാറ്റാനും 60,000 രൂപ ചെലവഴിച്ചു. മണലൂർക്ക് കൊണ്ടുവന്ന ബോട്ട് കോഴിത്തുമ്പ് വരെ എത്തിച്ചു. 50,000 രൂപ ചെലവാക്കി കുളവാഴകൾ മാറ്റുകയും മരങ്ങൾ വെട്ടുകയും ചെയ്തു. എന്നിട്ടും ബോട്ടിനു മുന്നോട്ട്‌ പോകാനായില്ല. തുടര്‍ന്ന്, കോട്ടപ്പുറം വഴി കടലിലൂടെ മറ്റൊരു ബോട്ട് ഉപയോഗിച്ച് കെട്ടി വലിച്ചാണ് ബോട്ട് ചേറ്റുവയിൽ എത്തിച്ചത്. ഇതിന്‌ ഒരു ലക്ഷം രൂപ ചെലവായി. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ കൊല്ലം മുതൽ കോഴിക്കോട് വരെ ജലപാത യാഥാർഥ്യമാക്കാൻ നടപടി സ്വീകരിച്ചത്‌. ഇതിൽ കൊല്ലംമുതൽ കോട്ടപ്പുറംവരെ ഗതാഗത യോഗ്യമാക്കി. കോട്ടപ്പുറത്തുനിന്നുള്ള ഭാഗങ്ങളിലും പാത നവീകരണം ആരംഭിച്ചിരുന്നു. എന്നാൽ മാറിവന്ന യുഡിഎഫ്‌ സർക്കാർ ഈ പദ്ധതിയില്‍ തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home