മിന്നലായ് ‘വീയപുരം ചുണ്ടൻ’

ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ വീയപുരം ചുണ്ടൻ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു
കൊടുങ്ങല്ലൂർ
പെരിയാറിന്റെ കൈവഴിയായ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിലെ ഓളങ്ങളിലൂടെ മിന്നൽ വേഗത്തിലെത്തി കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ അഞ്ചാമത് സീസൺ ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 വള്ളംകളിയിൽ ജേതാവായി. കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വള്ളംകളി സംഘടിപ്പിച്ചത്. വാശിയേറിയ മത്സരത്തിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനെ സെക്കന്റുകളുടെ വ്യത്യാസത്തിനാണ് പിന്നിലാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നാം സ്ഥാനം നേടി. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിലെ അഞ്ചാമത് സീസണിലെ നാലാമത്തെ മത്സരത്തിനാണ് കോട്ടപ്പുറം കായൽ വേദിയായത്. വള്ളംകളിയുടെ ഉദ്ഘാടനം വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫിക്കുവേണ്ടി മത്സരിച്ചത്. കൂടാതെ, കൊടുങ്ങല്ലൂർ മുസിരിസ് ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി കെ രാജൻ മെമ്മോറിയൽ ട്രോഫിക്കും കെ ഡി കുഞ്ഞപ്പൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള മധ്യകേരളത്തിലെ പ്രശസ്തമായ ഇരുട്ടുകുത്തി ഓടിവള്ളങ്ങളെയും ക്ലബ്ബുകളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മുസിരിസ് ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗിനോടനുബന്ധിച്ച് നടന്നു. മുസിരിസ് ജലോത്സവത്തിൽ എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി 18 വള്ളങ്ങൾ പങ്കെടുത്തു. വിവിധ കലാപരിപാടികൾ, ഗാനമേള, തനത് കലാരൂപങ്ങൾ എന്നിവയും അരങ്ങേറി. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷയായി. നഗരസഭ വൈസ് ചെയർപേഴ്സൺ വി എസ് ദിനൽ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (സ്പെഷ്യൽ പ്രോജക്ട്) എ അൻസാർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേംഭാസ്, മുസിരിസ് ബോട്ട് ക്ലബ് പ്രസിഡന്റ് ഒ സി ജോസഫ്, മുസിരിസ് ബോട്ട് ക്ലബ് സെക്രട്ടറി പി പി രഘുനാഥ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, കലാ -സാംസ്കാരിക- പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.










0 comments