എൻജിൻ നിലച്ച് ബോട്ട് കടലിലൊഴുകി
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

എൻജിൻ നിലച്ച് കടലിലൊഴുകിയ ബോട്ട് കെട്ടിവലിച്ച് കൊണ്ടുവരുന്നു
കൊടുങ്ങല്ലൂർ
പ്രൊപ്പല്ലറിൽ വല കുരുങ്ങി എൻജിൻ നിലച്ച് കടലില്‍ ഒഴുകി നടന്ന ബോട്ടിലെ 26 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് -മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷിച്ചു. കൊച്ചിൻ ഹാർബറിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ‘റഹ്‌മ' എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. കൊച്ചി സ്വദേശികളാണ് മത്സ്യത്തൊഴിലാളികൾ. ശക്തമായ കാറ്റും മഴയും കൂറ്റൻ തിരമാലകളും മറികടന്നാണ് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ സംഘം തൊഴിലാളികളെയും ബോട്ടും കരയിലെത്തിച്ചത്. കയ്പമംഗലത്ത്നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ വഞ്ചിപ്പുര വടക്ക് -പടിഞ്ഞാറ് ഭാഗത്താണ് ബോട്ട് അപകടത്തിൽ പെട്ടത്. വെള്ളി രാത്രി 7.35നാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫീസർമാരായ വി എം ഷൈബു, വി എൻ പ്രശാന്ത്കുമാർ, ഇ ആർ ഷിനിൽകുമാർ, സീ റസ്‌ക്യൂ ഗാര്‍ഡുമാരായ കൃഷ്ണപ്രസാദ്, സുധീഷ്, ബോട്ട് സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ ഫെലിക്സ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.










0 comments