ad
Deshabhimani

ചൂരല്‍, മുള തൊഴിലാളി സഹകരണ 
സംഘത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

 കോടശേരി പഞ്ചായത്തിലെ കാടുകയറി നശിക്കുന്ന ചൂരല്‍, മുള തൊളിലാളി സഹകരണ സംഘം കെട്ടിടം
വെബ് ഡെസ്ക്

Published on Sep 21, 2026, 12:40 AM | 1 min read

ചാലക്കുടി

കോടശേരി പഞ്ചായത്തിലെ ചൂരല്‍, മുള തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. 1987ല്‍ സ്ഥാപിച്ച സംഘത്തിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നിലച്ച മട്ടിലായിരിക്കുന്നത്. ഖാദിബോര്‍ഡിന്റെ കീഴില്‍ വ്യവസായ സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. സംഘത്തിന് നായരങ്ങാടിയില്‍ ഏഴ് സെന്റ് സ്ഥലവും കെട്ടിടവുമുണ്ട്. 50അംഗങ്ങളായി ആരംഭിച്ച സംഘത്തിന്റെ പ്രവര്‍ത്തനം ആദ്യകാലങ്ങളില്‍ വലിയ ലാഭത്തിലായിരുന്നു. ചൂരല്‍ ഫര്‍ണിച്ചറുകളായിരുന്നു പ്രധാനമായും ഇവിടെ നിര്‍മിച്ചിരുന്നത്. അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമവും ചൂരലിന്റെ വിലക്കയറ്റവും പിന്നീട് സംഘത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. പ്രവര്‍ത്തനം നിലയ്‌ക്കുമെന്നായതോടെ സംഘത്തിന്റെ ആധാരം പണയപ്പെടുത്തി പട്ടികജാതി വികസന കോര്‍പറേഷനില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തു. അട്ടപ്പാടിയിലെ പട്ടികവര്‍ഗ സഹകരണസംഘവുമായി ബന്ധപ്പെട്ട് അവരുടെ തൃശൂരിലെ സംഭരണ കേന്ദ്രത്തില്‍നിന്നും ചൂരല്‍ വിലകൊടുത്ത് വാങ്ങി. എന്നാല്‍ വാങ്ങിയ ചൂരലില്‍ ഭൂരിഭാഗവും ഗുണനിലവാരം ഇല്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ പറ്റാതായി. ഇതോടെ സംഘത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. വായ്പ അടവ് നിലച്ചു. 2005ഓടെ സംഘത്തിന്റെ പ്രവര്‍ത്തനം നിന്നു. നോക്കാന്‍ ആളില്ലാതായതോടെ സംഘത്തിന്റെ കെട്ടിടവും സ്ഥലവും കാടുകയറി. പലിശയടക്കമുള്ള കുടിശ്ശിക കോര്‍പറേഷന്‍ എഴുതിത്തള്ളിയാല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്നാണ് അംഗങ്ങളുടെ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home