വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദനം

ക്ലാസ് മുറിയിൽ വിദ്യാർഥിയെ ക്രൂരമായി മർദിക്കുന്ന അധ്യാപകൻ മണികണ്ഠൻ
വരവൂർ
വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് മുള്ളൂർക്കര കാഞ്ഞിരശേരി സ്വദേശിയായ അധ്യാപകൻ മണികണ്ഠൻ ക്ലാസ് മുറിയിൽ വച്ച് ക്രൂരമായി മർദിച്ചത്. അധ്യാപകൻ നിരന്തരം മർദിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. മറ്റൊരു വിദ്യാർഥി മൊബൈൽ ഫോൺ കൊണ്ടുവന്ന് ക്ലാസിലിരുന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അധ്യാപകൻ കാഴ്‌ചപരിമിതനാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കളും ജനപ്രതിനിധികളും പ്രതിഷേധവുമായി സ്കൂളിലെത്തി. സംഭവം വല്ലാതെ വേദനിപ്പിച്ചെന്നും ഇനി ഒരു വിദ്യാർഥിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ബാലാവകാശ കമീഷനും ചെറുതുരുത്തി പൊലീസിലും പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും മൊഴി രേഖപ്പെടുത്തി. വനിതാ, ശിശുക്ഷേമ മന്ത്രി ബിന്ദുകൃഷ്ണ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.










0 comments