ad
Deshabhimani

രണ്ടുമാസമായി സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ ശമ്പളമില്ല

എന്ന്‌ കിട്ടും വേതനം

a
avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 01:09 AM | 1 min read

കോഴിക്കോട്‌

ഗ്യാസില്ലാത്തതിനാൽ പുകയൂതി തീരുകയാണ്‌ സ്‌കൂൾ പാചകത്തൊഴിലാളികളുടെ ജീവിതം. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ ഗ്യാസ്‌ ലഭിക്കാതായതോടെ ജോലിഭാരം ഇരട്ടിയായി. രണ്ടുമാസമായിചെയ്‌ത ജോലിക്ക്‌ വേതനവും ലഭിക്കുന്നില്ല. ജില്ലയിലെ 1239 തൊഴിലാളികളുടെ ജീവിതമാണ്‌ പ്രതിസന്ധിയിലായത്.

ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഇവർക്ക്‌ കേന്ദ്ര ഫണ്ട് വൈകുന്നുവെന്ന്‌ പറഞ്ഞാണ്‌ വേതനം തടയുന്നത്‌. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും സർക്കാർ സ്വന്തം ഫണ്ട് കണ്ടെത്തി മുടങ്ങാതെ വേതനം നൽകിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരം ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന്‌ തൊഴിലാളികൾ പറയുന്നു. പുതിയ സർക്കാർ അധികാരമേറ്റതിനുപിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച 1000 രൂപയും ഇതുവരെ ലഭിച്ചിട്ടില്ല. അമിത ജോലിഭാരമായതിനാൽ വിദ്യാർഥി -തൊഴിലാളി അനുപാതം പുനഃക്രമീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് നാളേറെയായി. ഇതിനും പരിഹാരമായില്ല. നിലവിൽ ഒന്നുമുതൽ 50വരെ കുട്ടികൾക്ക് ഒരുപാചകത്തൊഴിലാളിയും 51–500 മുതൽ എത്ര കുട്ടികളുണ്ടെങ്കിലും രണ്ട്‌ തൊഴിലാളികൾ എന്നുമാണ് കണക്ക്. 500ൽ ഒരുകുട്ടി കുറഞ്ഞാൽ രണ്ടാമതായി നിയമിക്കപ്പെട്ട പാചകത്തൊഴിലാളിയുടെ ജോലിനഷ്ട‌മാകും. 675 രൂപയാണ്‌ ദിവസവേതനം. 500ൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിൽക്കൂടി പോയാൽ ലഭിക്കുന്ന വേതനം 750 രൂപയാണ്‌.

വിദ്യാർഥികൾ കുറഞ്ഞതിനാൽ ജോലിയില്ലാതായ തൊഴിലാളികൾ ജാേലിയുള്ള തൊഴിലാളിയുടെ വേതനം പങ്കുവച്ചാണ്‌ മുന്നോട്ടുപോകുന്നത്‌. ഇതോടെ രണ്ടുപേരുടെയും വേതനം പകുതിയായി കുറയും. ശനിയും ഞായറും അവധിദിവസങ്ങളിലും ജോലിയില്ലാത്തതിനാൽ വേതനമില്ല. വിദ്യാർഥികൾക്ക് ആവശ്യമായ ചോറ്, കറി, വിഭവങ്ങൾ എന്നിവ പാചകം ചെയ്യുന്നതിനൊപ്പം പാചകപ്പുരയും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതും തൊഴിലാളികളാണ്‌. രാവിലെ ഒമ്പതോടെ സ്‌കൂളിലെത്തിയാൽ വൈകിട്ടുമാത്രമേ മടങ്ങാൻ കഴിയൂ. അതിനാൽ മറ്റ്‌ ജോലികൾക്ക്‌ പോകാൻ കഴിയില്ലെന്നും തൊഴിലാളികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home