ad
Deshabhimani

print edition ഓർമകളിൽ കണ്ണീരൊഴുകി ‘ഹൃദയഭൂമി’

puthumala hridayabhoomi mundakkai landislide victims

പുത്തുമലയിലെ ഹൃദയ ഭൂമിയിൽ മക്കളായ നിവേദ് ധ്യാൻ ഇഷാൻ എന്നിവരുടെ കല്ലറക്കരുകിൽ അച്ഛൻ അനീഷും 'അമ്മ സയനയും (ഇടത്), പാണക്കാടൻ ഷാജഹാന്റെ കല്ലറയ്ക്ക്‌ അരികിൽ ഭാര്യ ജസീല (വലത്) | ഫോട്ടോ: എം എ ശിവപ്രസാദ്

avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 01:51 AM | 1 min read

പുത്തുമല: ​ഹൃദയം കൊരുത്തുവച്ച ഭൂമിയിലേക്കവർ വീണ്ടുമെത്തി. ഓർമകളിൽ നിറയെ പ്രിയപ്പെട്ടവരായിരുന്നു. കൈക്കുടന്നയിലെ പൂക്കൾ കുഴിമാടങ്ങൾക്കുമേൽ വിതറുന്പോൾ അവർ കണ്ണീരാൽ നനഞ്ഞു. വിതുമ്പിക്കരഞ്ഞവരെ അരികിലുള്ളവർ ചേർത്തുനിർത്തി. ഇടവിട്ടുപെയ്‌ത മഴയിലും കണ്ണീർ മാഞ്ഞില്ല. ചന്ദനത്തിരി ഗന്ധത്തിനൊപ്പം ‘ഹൃദയഭൂമി’യിൽ നിത്യനിദ്രയിലാണ്ടവരുടെ ഓർമകളും ഉയർന്നു. ഉരുൾ കൊണ്ടുപോയവർക്ക്‌, ഒരിക്കലും വറ്റാത്ത സ്‌നേഹവായ്‌പോടെ സ്‌മരണാഞ്ജലി.


മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ കൂട്ടക്കുഴിമാടമൊരുക്കിയ പുത്തുമലയിലെ ‘ഹൃദയഭൂമി’ ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിലും കണ്ണീരിൽ കുതിർന്നു. 2024 ജൂലൈ 30ന്‌ പുലർച്ചെ വെള്ളരിമല പൊട്ടി താഴേക്കുപതിച്ചപ്പോൾ പുന്നപ്പുഴയിലൂടെ ഒലിച്ചുപോയ 298 പ്രാണനുകളുടെ ഓർമയിൽ വ്യാഴം പുലർച്ചെമുതൽ പ്രിയപ്പെട്ടവർ പുത്തുമലയിലേക്ക്‌ എത്തി. കുഴിമാടങ്ങളെല്ലാം പൂക്കൾചൂടി ഉറ്റവരെ കാത്തിരുന്നു. സർവമത പ്രാർഥനയും അനുസ്‌മരണ ചടങ്ങും കഴിഞ്ഞും ഏറെനേരം അവർ കല്ലറകൾക്കരികിൽ നിന്നു.


മന്ത്രിമാരായ എ പി അനിൽ കുമാർ, ടി സിദ്ദിഖ്‌, സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ , ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, മുൻ എംഎൽഎ സി കെ ശശീന്ദ്രൻ, കലക്ടർ ഡി ആർ മേഘശ്രീ, തുടങ്ങിയവർ അനുസ്‌മരണത്തിനെത്തി. കുഴിമാടങ്ങളിൽ പുഷ്‌പാർച്ചന നടത്തി. ഉരുളെടുത്തവരുടെ ചിത്രങ്ങൾക്ക്‌ മുന്നിൽ കൽപ്പറ്റയിലെ ട‍ൗൺഷിപ്പിലും അതിജീവിതർ പൂക്കളർപ്പിച്ചു. ചൂരൽമലയിൽ വെള്ളാർമല ജിവിഎച്ച്‌എസ്‌എസിലെ അധ്യാപകരും നാട്ടുകാരും മൺമറഞ്ഞ വിദ്യാർഥികളുടെ ഓർമയിൽ ഒത്തുചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home