"ഹാപ്പി സ്വാതന്ത്ര്യദിനം, 7001 രൂപ വേണോ...'

ഗൂഗിൾ പേയിൽനിന്ന് സ്വാതന്ത്ര്യദിന സന്ദേശമായി 7001 രൂപ ലഭിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം

ശ്രീരാജ് ഓണക്കൂർ
Published on Jul 31, 2026, 02:46 AM | 1 min read
കൊച്ചി
ഗൂഗിൾ പേയിൽനിന്ന് സൗജന്യമായി 7001 രൂപ. അതും സ്വാതന്ത്ര്യദിന സമ്മാനമായി. സമൂഹമാധ്യമങ്ങളിൽ ചുറ്റിക്കറങ്ങുന്ന ഇത്തരം സന്ദേശങ്ങൾക്ക് തലവയ്‌ക്കരുതെന്ന് പൊലീസിന്റെയും സൈബർ വിദഗ്‌ധരുടെയും മുന്നറിയിപ്പ്. ഇതിനൊപ്പം നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുക. വാട്‌സാപ് സന്ദേശങ്ങളായും സമൂഹമാധ്യമങ്ങളിൽ പരസ്യമായുമാണ് ലിങ്കുകൾ പ്രചരിക്കുന്നത്.
ഗൂഗിൾ പേ സ്വാതന്ത്ര്യദിന സമ്മാനമായി സൗജന്യമായി പണം നൽകുന്നുവെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ് പറയുന്നു. സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്‌താൽ എത്തിച്ചേരുക ഗൂഗിളിന്റെയോ ഗൂഗിൾ പേയുടെയോ ഔദ്യോഗിക വെബ്‌സൈറ്റിൽ ആകില്ല. തട്ടിപ്പുസൈറ്റിൽ എത്തിയാൽ പ്രോസസിങ് ചാർജായി ചെറിയ തുക ആവശ്യപ്പെടും. ഇത് അവർ നൽകുന്ന അക്കൗണ്ടിലേയ്‌ക്ക് ഇട്ടുകൊടുത്താൽ പിന്നെ തട്ടിപ്പുകാരന്റെ പൊടിപോലുമുണ്ടാകില്ല. ബാങ്ക് വിവരങ്ങൾ, യുപിഐ പിൻ, അല്ലെങ്കിൽ മറ്റ് വ്യക്തിഗത വിവരങ്ങൾ ഇതിൽ നൽകരുതെന്നും പൊലീസ്.
ലിങ്കിൽ ക്ലിക്ക് ചെയ്യുന്പോൾ എപികെ ഫയൽ ഫോണിൽ ഇൻസ്‌റ്റാളാകും. ഇതിലൂടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരന്റെ കൈയിലെത്തും. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഓൺലൈൻ പേമെന്റ് ആപ് പാസ്‌വേഡും മനസ്സിലാക്കി അക്കൗണ്ടുകളിലുള്ള പണം മുഴുവൻ സൈബർ കുറ്റവാളികൾ തട്ടിയെടുക്കും. ഇത്തരം സന്ദേശം മറ്റു ഗ്രൂപ്പുകളിലേക്കോ വ്യക്തികൾക്കോ അയക്കരുതെന്നും പൊലീസ് പറയുന്നു. സാന്പത്തിക തട്ടിപ്പിനിരയായാൽ അടുത്ത പൊലീസ് സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930 ലോ പരാതി രജിസ്‌റ്റർ ചെയ്യുക.










0 comments