പശ്ചിമേഷ്യൻ സംഘര്‍ഷം: കൂടുതൽ മേഖലകൾ ആശങ്കയുടെ നിഴലിൽ, പൗരൻമാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടൺ: യു എസ് ഇടക്കാല തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്വയം പ്രഖ്യാപിച്ച ആക്രമണ ഇടവേള തകര്‍ന്നു. ഇറാനെതിരെ ഏറ്റവും വലിയ ബോംബ് പ്രയോഗിക്കാൻ ഉൾപ്പെടെ യു എസ് ഒരുങ്ങുന്നു എന്ന വാര്‍ത്തകൾക്കിടെ ഏറ്റവും വലിയ തിരിച്ചടിക്കായി കാത്തിരിക്കാൻ ഇറാനും മുന്നറിയിപ്പ് നൽകി. ഇതോടെ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾ പൗരൻമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നൽകി.
സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണങ്ങൾ തുടരുകയാണ്. ഇതിനിടെ അമേരിക്കയെ ലക്ഷ്യമാക്കി ഏത് മാര്‍ഗ്ഗത്തിലും ആക്രമണം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പശ്ചിമേഷ്യയിൽ മാത്രമല്ല, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള അമേരിക്കൻ സ്ഥാപനങ്ങളെയും ബിസിനസുകളെയും അമേരിക്കക്കാരെയും ലക്ഷ്യാക്കിയേക്കാം. വിമാന സര്‍വീസുകൾ ഏത് സമയത്തും നിര്‍ത്തലാക്കുകയോ വ്യോമാതിര്‍ത്തി അടക്കുകയോ ചെയ്യാം എന്നിങ്ങനെയും മുന്നറിയിപ്പിൽ പറയുന്നു.
ഇതിനിടെ അമേരിക്ക തങ്ങളുടെ കൈവശമുള്ള ‘മദർ ഓഫ് ഓൾ ബോംബ്‌സ്’ എന്ന് അറിയപ്പെടുന്ന ജിബിയു-43/ബി മാസീവ് ഓർഡൻസ് എയർ ബ്ലാസ്റ്റ് ബോംബ് പ്രയോഗിക്കാൻ ആലോചിക്കുന്നതായും വാര്‍ത്തകൾ പുറത്തെത്തിയിരുന്നു. ഇതോടെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്. എന്നാൽ ഇങ്ങനെ ഒരു തീരുമാനമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ വാക്കുകളിലെ ഉറപ്പില്ലായ്മയും യുദ്ധ രംഗത്തെ അനിശ്ചിതത്വം വർധിപ്പിക്കുന്നു.
ഇറാൻ ഇപ്പോഴും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മറുഭാഗത്ത് അമേരിക്ക ഇറാനുമേൽ നാവിക ഉപരോധം തുടരുകയാണ്. നിലവിലെ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ കൂടുതൽ വിശാലമായ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ശക്തമാണ്. ക്രൂഡ് ഓയിൽ വില മെയ് മാസത്തിന് ശേഷം ഏറ്റവും ഉയരത്തിൽ എത്തി. 110 ഡോളര്‍ കടന്ന സാഹചര്യം ഉണ്ടായി.








0 comments