ad
Deshabhimani

പത്രികാ സമർപ്പണത്തിനിടെ സംഘർഷത്തിന് ബിജെപി ശ്രമം

.
വെബ് ഡെസ്ക്

Published on Mar 22, 2026, 12:30 AM | 1 min read

തൃശൂർ

നിയമസഭാ തെരഞ്ഞെടുപ്പ്‌ നാമനിർദേശ പത്രിക സമർപ്പണത്തിനിടെ സംഘർഷമുണ്ടാക്കാൻ ബിജെപി ശ്രമം. തൃശൂർ നിയമസഭാമണ്ഡലം വരണാധികാരിയായ തൃശൂർ ആർഡിഒയുടെ ഓഫീസിൽ സമയക്രമം തെറ്റിച്ച്‌ തള്ളിക്കയറിയാണ്‌ സംഘർഷത്തിന്‌ ശ്രമിച്ചത്‌. നാമനിർദേശ പത്രിക സമർപ്പിക്കാൻ വരണാധികാരിയുടെ മുന്നിൽ ഇരിക്കുകയായിരുന്ന എൽഡിഎഫ്‌ സ്ഥാനാർഥിയെ മറികടന്ന്‌ പത്രിക സമർപ്പിക്കാനാണ്‌ ശ്രമിച്ചത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെയും മഹാരാഷ്‌ട്രയിൽനിന്നുള്ള ചില ബിജപി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു തള്ളിക്കയറൽ. നേരത്തെ ടോക്കൺ ലഭിച്ച എൽഡിഎഫ്‌ സ്ഥാനാർഥി ആലങ്കോട്‌ ലീലാകൃഷ്‌ണനെ മറികടന്ന്‌ പത്രിക സമ്മർപ്പിക്കാനായിരുന്നു എൻഡിഎ സ്ഥാനാർഥിയുടെ ശ്രമം. മുഹൂർത്തം വൈകുമെന്ന്‌ പറഞ്ഞായിരുന്നു തള്ളിക്കയറൽ. ഗുജറാത്ത്‌ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പമെത്തിയാണ്‌ എൻഡിഎക്കാർ വരണാധികാരി ആർഡിഒ വിനോദ്‌ രാജിന്റെ ഓഫീസ്‌ മുറിയിലേക്ക്‌ തള്ളിക്കയറിയത്‌. എൽഡിഎഫ്‌ നേതാക്കളായ വി എസ്‌ സുനിൽകുമാർ, അനൂപ്‌ ഡേവിസ്‌ കാട, പി ബാലചന്ദ്രൻ എംഎൽഎ എന്നിവർ ചോദ്യം ചെയ്‌തതോടെ എൻഡിഎക്കാരോട്‌ മുറിയിൽ നിന്ന്‌ പുറത്ത്‌ പോകാൻ ആർഡിഒ പറഞ്ഞു. ശനിയാഴ്‌ പകൽ 11.50ന്‌ നാമനിർദേശ പത്രിക സമ്മർപ്പിക്കാൻ എൽഡിഎഫ്‌ സ്ഥാനാർഥി ആലങ്കോട്‌ ലീലാകൃഷ്‌ണൻ വരണാധികാരിയുടെ ഓഫീസിലെത്തി. ആ സമയം യുഡിഎഫ്‌ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പണം നടക്കുകയായിരുന്നു. അത്‌ പൂർത്തിയാവുന്നതുവരെ ആർഡിഒ ഓഫീസിന്‌ മുന്നിലെ കാത്തിരിപ്പ്‌ കേന്ദ്രത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയും നേതാക്കളും കാത്തിരുന്നു. യുഡിഎഫിന്റെ പത്രികാ സമർപ്പണത്തിന്‌ ശേഷം ആർഡിഒയുടെ മുറിയിലേക്ക്‌ എൽഡിഎഫ്‌ സ്ഥാനാർഥി കയറി. അതിനിടയിലാണ്‌ എൻഡിഎ സ്ഥാനാർഥിയും സംഘവും സംഘർഷത്തിന്‌ ശ്രമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home