ചോദ്യങ്ങളില്‍ അറിവ്; ഉത്തരങ്ങളില്‍ ആത്മവിശ്വാസം
കരുമാടിക്കുട്ടൻ ചോദ്യമായി, ഉത്തരവുമായി കുട്ടിക്കൂട്ടം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് 2026 ഉപജില്ലാ മത്സരത്തിന്റെ ജില്ലാതല ഉദ്‌ഘാടനത്തിന്റെ സദസ്സ്
തൃശൂര്‍
കരുമാടിക്കുട്ടനെ അറിയാമോ. അന്പലപ്പുഴയിലെ പ്രതിമയെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നിൽ കുട്ടികൾ ഒന്ന് പകച്ചു. പക്ഷേ, ചിലർ ഉത്തരമേകി. എന്നാൽ പഴശ്ശിരാജയേയും പുന്നപ്ര- വയലാർ സമരവും ചോദ്യമായപ്പോൾ കുട്ടികൾ സജീവമായി. കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയും ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള ചോദ്യങ്ങൾ കേരളചരിത്രത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചു. അറിവിന്റെ ആഴവും ചിന്തയുടെ മികവും അളന്ന ചോദ്യങ്ങള്‍. ആത്മവിശ്വാസത്തില്‍ തെളിഞ്ഞ ഉത്തരങ്ങള്‍. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ ഉപജില്ലാ മത്സരങ്ങള്‍ അറിവിന്റെയും ആവേശത്തിന്റെയും സര്‍ഗാത്മകതയുടെയും മനോഹരവേദികളായി. ശാസ്ത്രവിഭാഗത്തിൽ ഭൂമിയുടെ അകക്കാമ്പ്, ലോഹങ്ങൾ, ഫംഗസും ആൽഗയും തമ്മിലുള്ള സഹജീവനം, എംപെംബ ഇഫക്റ്റ് തുടങ്ങിയവ ഉൾപ്പെട്ടു. ഗണിതചോദ്യങ്ങൾ കുട്ടികളുടെ യുക്തിചിന്തയും കണക്കുകൂട്ടൽശേഷിയും പരീക്ഷിച്ചു. സാഹിത്യ-കലാ വിഭാഗത്തിൽ വൈക്കം മുഹമ്മദ് ബഷീർ, എ കെ ജിയുടെ ആത്മകഥ, എസ് ജാനകി, കഥകളിയിലെ ചേങ്ങില എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടായിരുന്നു. കായികം, ഭാഷ, ഡിജിറ്റൽ സാങ്കേതികവിദ്യ, സമകാലിക വിഷയങ്ങൾ എന്നിവയും മത്സരത്തിന്റെ ഭാഗമായി. കേരളത്തിന്റെ ചരിത്രം, ശാസ്ത്രം, സാഹിത്യം, കല, കായികം, ഗണിതം, പൊതുവിജ്ഞാനം എന്നിവ കോർത്തിണക്കിയ ചോദ്യങ്ങൾ കുട്ടികളുടെ അറിവും വിശകലനശേഷിയും നിഗമനത്തിലെത്താനുള്ള വേഗതയും പരീക്ഷിച്ചു. ചരിത്രം മുതൽ ശാസ്ത്രം വരെ, സാഹിത്യം മുതൽ സമകാലിക സംഭവങ്ങൾ വരെ, കായികം മുതൽ ഗണിതം വരെ നീണ്ട ചോദ്യങ്ങൾ കുട്ടികളുടെ ഓർമശക്തിക്കൊപ്പം നിരീക്ഷണപാടവവും വിശകലന ശേഷിയും പരീക്ഷിച്ചു. ഓരോ ചോദ്യവും അറിവിന്റെ പുതിയ ചക്രവാളം തുറന്നു; ഓരോ ഉത്തരവും മികവിന്റെ മുദ്ര പതിപ്പിച്ചു. ഉത്തരങ്ങള്‍ ഓർത്തെടുക്കാനല്ല, ചോദ്യം വിശകലനം ചെയ്ത് യുക്തിപൂർവം നിഗമനങ്ങളിലെത്താനാണ് അക്ഷരമുറ്റം കുട്ടികളോട് ആവശ്യപ്പെട്ടത്. ചോദ്യങ്ങളെ നേരിടാനുള്ള ധൈര്യവും ഉത്തരങ്ങൾ കണ്ടെത്താനുള്ള ആത്മവിശ്വാസവും പകരുന്ന അക്ഷരമുറ്റം, ചിന്തിക്കുന്ന തലമുറയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന അറിവിന്റെ മഹോത്സവമായി മാറി.









0 comments