മാലിന്യം തള്ളുന്നവർക്ക് രക്ഷാകവചമൊരുക്കി കോർപറേഷൻ

കൊല്ലം
നഗരത്തിലും സമീപ പ്രദേശങ്ങളിലും കക്കൂസ് മാലിന്യം ഉൾപ്പെടെ കൊണ്ടുവന്ന് തള്ളുന്നവരെ നിയമത്തിന്റെ മുന്നിൽനിന്ന് രക്ഷപ്പെടുത്തി കോർപറേഷൻ അധികൃതർ. കഴിഞ്ഞ ദിവസം ശാന്തി നഗറിനോട് ചേർന്നുള്ള പുള്ളിക്കട തോട്ടിൽ ടാങ്കറിൽ കക്കൂസ് മാലിന്യം എത്തിച്ച് ഒഴുക്കിയവരെ രക്ഷപ്പെടുത്തിയത് ആരോഗ്യ സ്ഥിരംസമിതി ചെയർമാനും ഒരു കൗൺസിലറും ചേർന്നാണ്. സ്ഥലത്തെ കൗൺസിലറും സംഭവം മൂടിവയ്‌ക്കാനും കുറ്റക്കാരെ രക്ഷപ്പെടുത്താനും കൂട്ടുനിന്നെന്നും ആരോപണമുണ്ട്. കക്കൂസ് മാലിന്യം പിടികൂടിയാൽ കടത്തിക്കൊണ്ടുവന്നവരെ വാഹനം സഹിതം പൊലീസിന് കൈമാറുകയാണ് ചെയ്യുക. എന്നാൽ, പിഴത്തുക അടപ്പിച്ച് കുറ്റക്കാരെ രക്ഷപ്പെടുത്തുകയും വാഹനം വിട്ടുകൊടുക്കുകയുമാണ് ചെയ്‌തത്. ഇതിനെതിരെ നഗരവാസികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. നഗരത്തിലെ ജലാശയങ്ങളിൽ മാലിന്യം തള്ളുന്ന സംഘം കൊല്ലത്തും പരിസരത്തും സജീവമാണ്. ഹോട്ടലുകൾ, ലോഡ്‌ജുകൾ, ആശുപത്രികൾ, വീടുകൾ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യം ടാങ്കറിൽ ശേഖരിച്ച് വിവിധ ജലാശയങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഒഴുക്കിക്കളയുകയാണ് ഇവർ ചെയ്യുന്നത്. കോർപറേഷൻ ഭരണസമിതിയിലെ ചിലർക്ക് ഇവരുമായി രഹസ്യധാരണയുണ്ട്. ഒപ്പം ചില ഉദ്യോഗസ്ഥരും കൂടിയിട്ടുണ്ട്. ആശ്രാമം മൈതാനത്തും അടുത്തിടെ കക്കൂസ് മാലിന്യം തള്ളിയിരുന്നു. അതിനിടെ നഗരത്തിന്റെ പലഭാഗത്തും മാലിന്യം കുന്നുകൂടുകയാണ്. മാലിന്യം നീക്കംചെയ്യാനുള്ള ജെസിബി അറ്റകുറ്റപ്പണിക്ക് വർക്ക്‌ഷോപ്പിൽ ആണ്. ഇത് പുറത്തിറക്കാൻ മേയർക്കോ ഉദ്യോഗസ്ഥർക്കോ സമയമില്ല. മാലിന്യസംസ്കരണത്തിന് ആവശ്യമായ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള നടപടിയും കോർപറേഷനിൽ നടക്കുന്നില്ല.









0 comments