കാർഷികവിളകളിൽ രോഗവ്യാപനത്തിന് സാധ്യത

തൃശൂർ
അതിശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ വെള്ളക്കെട്ടും ഉയർന്ന അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടുന്നതിനാൽ വിവിധ കാർഷികവിളകളിൽ രോഗങ്ങൾ വ്യാപിക്കാൻ സാധ്യതയെന്ന് കേരള കാർഷിക സർവകലാശാല അറിയിച്ചു. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയവയിൽ രോഗം കൂടും. തോട്ടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കണം. ശാസ്ത്രീയ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം. നെൽപ്പാടങ്ങളിൽ ഇല കരിച്ചിൽ രോഗം വ്യാപിക്കാൻ സാധ്യത കൂടുതലാണ്. രോഗം വരുന്നതിന് മുമ്പ് തന്നെ ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസും 20 മില്ലി പച്ചച്ചാണക വെള്ളവും ചേർത്ത് ഇലകളിൽ നന്നായി തളിക്കണം. ഏക്കറിന് രണ്ട് കിലോഗ്രാം ബ്ലീച്ചിങ് പൗഡർ 20 തുണിസഞ്ചികളിലായി (ഓരോ സഞ്ചിയിലും 100 ഗ്രാം വീതം) നിറച്ച് വയലിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളത്തിൽ ഇടണം. വാഴകൃഷിയിൽ മാണം അഴുകൽ രോഗം രൂക്ഷമാകും. രോഗപ്രതിരോധത്തിനായി ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി വാഴയുടെ ചുവട്ടിൽ അഞ്ച് ലിറ്റർ വീതം ഒഴിച്ചുകൊടുക്കണം. തക്കാളി, മുളക്, വഴുതന, വെണ്ട, പയർ, പാവൽ, പടവലം, വെള്ളരി തുടങ്ങിയവയിൽ വേര് അഴുകൽ, വാട്ടം, ഇലപ്പുള്ളി, കായ ചീയൽ തുടങ്ങിയ രോഗങ്ങൾ വർധിക്കും. രോഗം ബാധിച്ച ഇലകളും കായ്കളും നശിപ്പിക്കണം. ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ചെടികളുടെ ചുവട്ടിലും ഇലകളിലും തളിച്ചാൽ രോഗം പ്രതിരോധിക്കാം. കുരുമുളകിൽ ദ്രുതവാട്ടവും കവുങ്ങിൽ മഹാളിയും ജാതിയിൽ ഇലകൊഴിച്ചിൽ രോഗവും പടരാൻ സാധ്യതയേറെയാണ്. രോഗം ബാധിച്ച ഇലകളും ഉണങ്ങിയ കൊമ്പുകളും ശേഖരിച്ച് കത്തിച്ചു നശിപ്പിക്കണം. മഴ മാറി ഇലകൾ ഉണങ്ങിയ ശേഷം ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും. മഴ പെയ്യുന്ന സമയത്ത് കീടനാശിനികളും കുമിൾനാശിനികളും പ്രയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം. മഴ അവസാനിച്ച് ഇലകൾ നന്നായി ഉണങ്ങിയ ശേഷം മാത്രമേ സസ്യസംരക്ഷണ നടപടികൾ സ്വീകരിക്കാവൂവെന്നും കാർഷിക സർവകലാശാലാ അധികൃതർ അറിയിച്ചു.










0 comments