ad
Deshabhimani

ഭീമൻ ആഫ്രിക്കൻ ഒച്ച്‌ ശല്യം രൂക്ഷം

ആഫ്രിക്കൻ ഒച്ച്‌
വെബ് ഡെസ്ക്

Published on Aug 09, 2026, 12:08 AM | 1 min read


തൃശൂർ

സംസ്ഥാനത്ത് മഴ ശക്തമായതോടെ ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വിവിധ ജില്ലകളിൽ രൂക്ഷം. വാഴ, പപ്പായ, പ്ലാവ്, വെണ്ട, വഴുതന, കാബേജ്, കമുക്, റബർ, കാപ്പി തുടങ്ങി നൂറിലധികം സസ്യവിളകളെ ആക്രമിക്കുന്ന ഈ ഭീമൻ ഒച്ചുകൾ കൃഷിയിടങ്ങൾക്കും വീട്ടുവളപ്പുകൾക്കും ഒരുപോലെ ഭീഷണിയാണ്. വീട്ടുവളപ്പുകൾ, കൃഷിയിടങ്ങൾ, കോഴിഫാമുകൾ, ടിംബർ ഡിപ്പോകൾ, ജൈവമാലിന്യങ്ങളും ചവറുകളും നിക്ഷേപിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ആക്രമണവും വ്യാപനവും കൂടുതൽ. മഴക്കാലത്ത് ഈ സ്ഥലങ്ങൾ ഒച്ചുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമാണ്‌. ​ഒച്ചുകളുടെ നിയന്ത്രണത്തിന്‌, കളകൾ, വിള അവശിഷ്ടങ്ങൾ, ജൈവമാലിന്യങ്ങൾ, ചവറുകൾ, പഴയ ചാക്കുകൾ എന്നിവ യഥാസമയം നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കണം. ഇതിലൂടെ പ്രജനനവും വ്യാപനവും ഗണ്യമായി കുറയ്ക്കാനാകും. മഴയ്ക്കുശേഷം വൈകുന്നേരങ്ങളിലും പുലർച്ചെയുമാണ് ഒച്ചുകൾ കൂടുതൽ സജീവമാകുന്നത്. ഈ സമയത്ത് കൈയുറ ധരിച്ച് ഒച്ചുകളെയും മുട്ടക്കൂട്ടങ്ങളെയും ശേഖരിച്ച് ഒരു ലിറ്റർ വെള്ളത്തിൽ 250 ഗ്രാം ഉപ്പ് എന്ന തോതിൽ കലർത്തിയ ലായനിയിൽ ഇട്ട് നശിപ്പിക്കണം. ശേഖരിച്ച ഒച്ചുകളെ ജലാശയങ്ങളിൽ നിന്ന് അകലെ രണ്ടുമീറ്റർ ആഴമുള്ള കുഴികളിൽ നിക്ഷേപിച്ച് ഉപ്പോ തുരിശോ വിതറിയശേഷം മണ്ണിട്ട് മൂടാവുന്നതാണ്‌. ഒച്ചുകളെ ആകർഷിക്കാൻ 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 20 ഗ്രാം യീസ്റ്റ് എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം വൈകുന്നേരങ്ങളിൽ ചെറിയ പാത്രങ്ങളിലോ നനഞ്ഞ ചണച്ചാക്കുകളിലോ വയ്ക്കാം. പുളിപ്പിച്ച പഴങ്ങൾ, പപ്പായയില, വാഴയില, കാബേജ് ഇല എന്നിവയും കെണികളായി ഉപയോഗിക്കാം. രാത്രിയിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ പിറ്റേന്ന് രാവിലെ ശേഖരിച്ച് നശിപ്പിക്കുന്നത് പ്രജനനം കുറയ്ക്കാൻ സഹായിക്കും. ഈ അധിനിവേശ ജീവിയുടെ വ്യാപനം ഫലപ്രദമായി തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, കർഷകർ, സന്നദ്ധസംഘടനകൾ എന്നിവരുടെ ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് വിസി പ്രൊഫ. ടി. സജിതാ റാണി പറഞ്ഞു. ഒച്ചിന്റെ നിയന്ത്രണത്തിനായി സർവകലാശാല ജില്ലാതലത്തിൽ ബോധവൽക്കരണവും സമൂഹാധിഷ്ഠിത നിയന്ത്രണ പ്രവർത്തനങ്ങളും നടത്തി വരികയാണെന്ന് വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ. ബിനു പി ബോണി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home