കച്ചിത്തുരുന്പെങ്കിലും തരൂ സർക്കാരേ

പള്ളം വാലേക്കടവ് ഭാഗത്ത് വെള്ളം കയറിയ ചെല്ലപ്പന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉയർത്തിവയ്ക്കാൻ സഹായിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ഫോട്ടോ: കെ എസ് ആനന്ദ്

സ്വന്തം ലേഖകൻ
Published on Aug 09, 2026, 01:02 AM | 2 min read
കോട്ടയം
അതിതീവ്ര മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ടിൽനിന്ന് ദുരിതങ്ങളിൽനിന്ന് കരകയറാനാകാതെ ജനങ്ങൾ. ശനി തുടർച്ചയായി മഴ പെയ്‌തത് ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേൽപ്പിച്ചു. പലരും ക്യാന്പുകളിൽനിന്ന് വീടുകളിലെത്തി ശുചീകരണം തുടങ്ങാൻ ശ്രമിച്ചെങ്കിലും തുടർച്ചയായി മഴ പെയ്‌തതോടെ പടിഞ്ഞാറൻ മേഖലയിലുള്ളവർ ശുചീകരണം നടത്താതെ ക്യാന്പുകളിലേക്ക് മടങ്ങി. വീടുകളിലെത്തി വളർത്തുമൃഗങ്ങൾക്കും മറ്റും തീറ്റകൊടുത്തശേഷം ക്യാന്പുകളിലേക്ക് മടങ്ങുകയാണ് ഭൂരിഭാഗം പേരും. ജലനിരപ്പ് താഴുന്നുണ്ടെങ്കിലും പോളകളും പുല്ലും മറ്റുമടിഞ്ഞ് പലയിടത്തും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയാണ്. മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി നടത്തുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടത് വെള്ളം ഉയരുന്നതിന് ഇടയാക്കി. കുമരകവും തിരുവാർപ്പും ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്. ഇല്ലിക്കൽ, ചെങ്ങളം ഭാഗത്തും വെള്ളക്കെട്ടുണ്ട്. കുമരകം ഇടവെട്ടം, കണ്ണാടിച്ചാൽ, പാറേക്കാട്, പടിഞ്ഞാട്ടുകാട്, വെളിയം, മണ്ണേക്കൽ, കരി അടക്കമുള്ള ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. താമരശേരി, കാഞ്ഞിരം, വെട്ടിക്കാട്ട്, മലരിക്കൽ, പുതിയാത്ത്, മീൻചിറ, തലത്തോട്ടിൽ, തട്ടാർക്കാട് പ്രദേശത്തും വെള്ളമിറങ്ങിയിട്ടില്ല. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശമായ വേളൂർ, 15ൽ കടവ്, കാരാപ്പുഴ, 16ൽ ചിറ, പാറോച്ചാൽ, കോടിമത, ചിങ്ങവനം എഫ്‌എസിടി കടവ്, 6000 ചിറ, കാഞ്ഞൂർ, വെട്ടിത്തറ, വാലേക്കടവ്, കരിമ്പിൽകാല കടവ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. വെള്ളക്കെട്ട് നിലനിൽക്കുന്ന മേഖലകളിൽ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങൾ സഹായവുമായി എത്തുന്നുണ്ട്. മീനച്ചിൽ റിവർ ബേസിനിലെ തീക്കോയിയിൽ ജലനിരപ്പ് ഉയരുകയും മണിമല റിവർ ബേസിനിലെ മണിമലയിൽ മാറ്റമില്ലാതെ തുടരുകയുമാണ്. മീനച്ചിൽ റിവർ ബേസിനിലെ കോടിമത, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിലെ ജലം അപകടനിരപ്പിന് മുകളിലാണ്. ശനി ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷയ്‌ക്കും മുകളിലായി ന്യൂനമർദം രൂപപ്പെട്ടതിനാൽ 12 വരെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
തണ്ണീർമുക്കം ബണ്ടിലെ പോളനീക്കം
പ്രതിഷേധങ്ങൾ ഉയർന്നശേഷം കിഴക്കൻവൈള്ളത്തിന്റെ വരവിൽ പടിഞ്ഞാറൻ മേഖല മുങ്ങാതിരിക്കാൻ തണ്ണീർമുക്കം ബണ്ടിൽ അടിഞ്ഞുകൂടിയ പോളയും പുല്ലും മറ്റും നേരത്തെ നീക്കേണ്ടതായിരുന്നു. എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് നിലയ്‌ക്കുകയും പടിഞ്ഞാറൻ മേഖലയിലുള്ളവർ വെള്ളത്തിൽ മുങ്ങിയശേഷം വെള്ളി രാത്രി മാത്രമാണ് തണ്ണീർമുക്കത്ത് പോള നീക്കാൻ നടപടി തുടങ്ങിയത്. സിപിഐ എം നേതാക്കളും ജനങ്ങളുമുൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടശേഷമാണ് പോള നീക്കൽ തുടങ്ങിയത്. അതിതീവ്രമഴയും വെള്ളപ്പൊക്കവും മുന്നിൽക്കണ്ട് നേരത്തെതന്നെ പോളനീക്കാൻ നടപടിയെടുക്കേണ്ടതായിരുന്നു. സർക്കാർ സംവിധാനങ്ങളുടെ ഏകോപനക്കുറവ് മഴക്കാലപൂർവ ശുചീകരണത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു.










0 comments