പുകയില വേട്ട; 2 പേർ അറസ്റ്റിൽ

ഷംനാദ്, നാസർ
കിളിമാനൂര്‍
കല്ലമ്പലം മേഖലയിൽ തുടർച്ചയായി റൂറല്‍ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിലായി. ചാത്തമ്പറയിൽ ഇരുചക്രവാഹനത്തിൽ ചുറ്റിക്കറങ്ങി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുകയായിരുന്ന ചപ്പാത്തിമുക്ക് ലക്ഷംവീട്ടിൽ ഷംനാദ്, പുതുശേരിമുക്ക് വണ്ടിത്തടം കോട്ടുമലവീട്ടിൽ നാസർ എന്നിവരാണ് പിടിയിലായത്. ഷംനാദിന്റെ സ്കൂട്ടിയിൽ സൂക്ഷിച്ചിരുന്ന മുപ്പതോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. നാസറിന്റെ കാറിൽനിന്നാണ് അഞ്ചു ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഓണവിപണി ലക്ഷ്യമാക്കി തമിഴ്‌നാട്ടിൽനിന്ന് എത്തിച്ച ഉൽപ്പന്നങ്ങളാണ്. ഇയാളിൽനിന്ന് പുകയില ഉൽപ്പന്നങ്ങൾ വാങ്ങി കച്ചവടം നടത്തുന്ന സംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. അവരിൽനിന്നാണ് നാസറിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ചയും കാറിൽ കറങ്ങി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നയാൾ പിടിയിലായിരുന്നു. വഞ്ചിയൂർ ചിലന്തിവിള ഫോഴ്‌സ് കോട്ടേജിൽ ആലപ്പുഴ എന്ന് വിളിക്കുന്ന ഷിഹാബുദ്ദീനാണ് പിടിയിലായത്. ഇയാളുടെ കാറിൽനിന്ന് 225 കവർ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഡാൻസാഫ് എസ്ഐമാരായ മനു, ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെയും തൊണ്ടിമുതലും വാഹനങ്ങളും ഡാൻസാഫ് സംഘം കല്ലമ്പലം പൊലീസിന് കൈമാറി.










0 comments