സർക്കാർ ഏകോപനമില്ലാത്തത് ആഘാതം വർധിപ്പിച്ചു: സിപിഐ എം

കോട്ടയം
സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്‌മയും അശ്രദ്ധയുമാണ് ജില്ലയിൽ വെള്ളപ്പൊക്കത്തിന്റെ ആഘാതം ഇത്ര ആഴത്തിലുള്ളതാകാനും മരണം വർധിക്കാനും കാരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവശ്യമായ മുൻകരുതലുകളോ ഇടപെടലോ സർക്കാർ നടത്തിയില്ല. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാമായിരുന്നു. വാഹനമെത്താൻ പ്രയാസമുള്ള ദുരിതാശ്വാസക്യാമ്പുകളിൽ ആംബുലൻസ് സർവീസ് ഒരുക്കണമായിരുന്നു. എങ്കിൽ ആംബുലൻസ് ലഭിക്കാതെ രണ്ട് രോഗികൾ മരിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തണ്ണീർമുക്കം ബണ്ടിൽ പോള അടഞ്ഞ് കിടക്കുന്നതിനാൽ കിഴക്കുനിന്ന് വന്ന വെള്ളം കെട്ടിക്കിടക്കുന്നു. അതുകൊണ്ടാണ് കുമരകം, തിരുവാർപ്പ്, അയ്‌മനം, ആർപ്പൂക്കര, നീണ്ടൂർ, വെച്ചൂർ ഭാഗങ്ങളിലെല്ലാം വെള്ളം ഇറങ്ങിപ്പോകാത്തത്. വെള്ളം കായലിലേക്ക് ഒഴുകിപ്പോകാൻ സാഹചര്യമുണ്ടെന്ന് അധികൃതർ ഉറപ്പാക്കേണ്ടിയിരുന്നു. ചങ്ങനാശേരിയിലെ ക്യാമ്പിൽ ആദ്യഘട്ടത്തിൽ ഭക്ഷണം പോലും കൃത്യമായി നൽകിയിരുന്നില്ല. ക്യാമ്പിലെത്തിയയാൾക്ക് സ്ട്രോക്കിന്റെ ആരംഭമുണ്ടായ വിവരം പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ അധികൃതർ സംവിധാനമൊരുക്കിയില്ല. ഇതിനെക്കുറിച്ച് അന്വേഷിച്ച മാധ്യമപ്രവർത്തകനോട് എംഎൽഎ തട്ടിക്കയറുകയായിരുന്നു. യുഡിഎഫും -ബിജെപിയും ചേർന്ന് ഭരണം നടത്തുന്ന കുമരകത്ത് പഞ്ചായത്ത് പ്രസിഡന്റു തന്നെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ക്യാമ്പിലേക്ക് ആരും വരേണ്ടതില്ല എന്ന സന്ദേശം അയക്കുന്ന നിലയുണ്ടായി. ക്യാമ്പിൽ സൗകര്യങ്ങളും വെള്ളവുമില്ലാത്തതിനാൽ വീടുകളിൽത്തന്നെ തുടരാൻ പറയുകയായിരുന്നു. ഇൗരാറ്റുപേട്ടയിൽ വ്യാപാരികൾക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളാണ് അവർക്ക് ആശ്വാസമായത്. ഇവിടെ 23.33 ഹെക്‌ടർ സ്ഥലത്തെ കൃഷി ഒലിച്ചുപോയി. 1.06 കോടി രൂപയുടെ നഷ്ടമുണ്ടായി. പാലായിലും വലിയ നാശമുണ്ടായി. ജില്ലയിലാകെ വലിയതോതിൽ കൃഷിനാശമുണ്ടായി. കച്ചവടക്കാർക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണം. ഉരുൾപൊട്ടലിൽ ഭാര്യയെയും മകനെയും വീടും നഷ്ടപ്പെട്ട പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തെ ജോണിയുടെ കുടുംബത്തിന് വീട് വച്ചുനൽകണം. ദുരന്തത്തിന്റെ പിറ്റേന്ന് പൂഞ്ഞാർ എംഎൽഎ അമേരിക്കക്ക് പോയത് ഉചിതമായില്ലെന്നും വി എൻ വാസവൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ജില്ലാസെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ എന്നിവരും പങ്കെടുത്തു.










0 comments