തുടക്കത്തിലേ പാളി ‘റിവൈവ്' പദ്ധതി

ജിബിന സാഗരന്
Published on Nov 28, 2026, 12:11 AM | 1 min read
തൃശൂര്‍
എല്‍പി, യുപി ക്ലാസുകളില്‍ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മികവിന്റെ പാതയിലെത്തിക്കുമെന്ന പ്രഖ്യാപനത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ച "റിവൈവ്' പദ്ധതി തുടക്കത്തിലേ പാളി. മുന്നൊരുക്കങ്ങളില്ലാത്ത ആസൂത്രണവും അധ്യാപകർക്ക് മതിയായ പരിശീലനം നൽകാത്തതും തുടർപ്രവർത്തനങ്ങളിലെ അവ്യക്തതയുമാണ് കാരണം. കുട്ടികളുടെ പഠന വിടവ് പരിഹരിക്കാനായി ആവിഷ്കരിച്ച പദ്ധതി ഇപ്പോള്‍ അധ്യാപകർക്ക് അധിക ജോലിയും സ്കൂളുകൾക്ക് പുതിയ പ്രതിസന്ധിയുമായി മാറുകയാണ്. ഒക്ടോബർ ആറിനാണ് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും ചേർന്ന് പദ്ധതി പ്രഖ്യാപിച്ചത്. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുക, 30 ദിവസത്തിനുശേഷം പോസ്റ്റ് ടെസ്റ്റ് നടത്തി പഠനപുരോഗതി വിലയിരുത്തുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ കുട്ടികളെ കണ്ടെത്തുന്നതിനും പരീക്ഷ നടത്തുന്നതിനും അപ്പുറം പഠനനിലവാരത്തിൽ യഥാർഥ മാറ്റമുണ്ടാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടു. ആദ്യഘട്ട പ്രവർത്തനങ്ങൾക്കുശേഷമുള്ള തുടര്‍ നടപടികളെന്തെന്ന കാര്യത്തിൽ വ്യക്തമായ നിർദേശങ്ങളില്ല. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കെല്ലാം ഒരേ രീതിയില്‍ പരിശീലനം നൽകിയാൽ ലക്ഷ്യം നേടാനാകില്ല. ഓരോ കുട്ടിയുടെയും അടിസ്ഥാനശേഷിയും പഠനപ്രശ്നങ്ങളും തിരിച്ചറിഞ്ഞ് പ്രത്യേക ഇടപെടൽ നടത്തണം. ഇതിനാവശ്യമായ കൃത്യമായ വിലയിരുത്തൽ സംവിധാനമോ തുടർപഠനത്തിനുള്ള വ്യക്തമായ മാർഗരേഖയോ പദ്ധതിയിൽ ഉറപ്പാക്കിയിട്ടില്ല. പഠനവിടവ് കണ്ടെത്തുന്നതിന് നൽകിയ പ്രാധാന്യം അത് പരിഹരിക്കുന്നതില്‍ നല്‍കുന്നില്ല. പ്രത്യേക പഠനക്ലാസുകൾ എങ്ങനെ സംഘടിപ്പിക്കണം, കുട്ടികളുടെ പഠനപ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണം തുടങ്ങിയ കാര്യങ്ങളിൽ അധ്യാപകർക്ക് മതിയായ പരിശീലനം ലഭിച്ചില്ല. രണ്ട് പ്രവൃത്തിദിവസങ്ങളിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലനത്തിനായി സ്കൂൾ പ്രവർത്തനസമയവും അധ്യയനവും ക്രമീകരിക്കേണ്ടിവന്നത് അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ബുദ്ധിമുട്ടായി. ജൂണിൽ അധ്യയനവർഷം ആരംഭിച്ചിട്ടും പഠനപിന്തുണാ പ്രവർത്തനങ്ങൾ ഒക്ടോബറിലാണ് ആരംഭിച്ചത്. നവംബറിൽ ആദ്യഘട്ട പുരോഗതി വിലയിരുത്താൻ നിർദേശിച്ചപ്പോഴാകട്ടെ അധ്യാപകർ ശാസ്ത്രമേള, കായികമേള, ഉപജില്ലാ, ജില്ലാ കലോത്സവങ്ങൾ എന്നിവയുടെ തിരക്കിലുമായി. ഡിസംബറിലെ അർധവാർഷിക പരീക്ഷ അടുത്തെത്തുമ്പോഴും റിവൈവിന്റെ തുടർപ്രവർത്തനങ്ങളിൽ വ്യക്തതയില്ല.









0 comments