ധൈര്യമായി പോരൂ, എല്ലാ 'ഫെസ്റ്റിവ'യിലുണ്ട്

മനു വിശ്വനാഥ്
Published on Nov 28, 2026, 12:15 AM | 1 min read
തിരൂർ
കലോത്സവ നഗരിയിൽ മത്സരവേദി അന്വേഷിച്ച് നടന്നിട്ടുണ്ടോ. ഇനങ്ങൾ എവിടെയാണെന്ന് അറിയാതെ വട്ടംചുറ്റിയിട്ടുണ്ടോ? എന്നാൽ തിരൂരിലെ കലോത്സവ വേദിയിലേക്ക് 'ഫെസ്റ്റിവ' വഴികാണിക്കും. കെഎസ്ടിഎയുടെ നേതൃത്വത്തിലുള്ള പ്രോഗ്രാം കമ്മിറ്റിയാണ് കലോത്സവ നടത്തിപ്പിൽ സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകൾ തുറന്നത്. കലോത്സവത്തിനായി വിദ്യാഭ്യാസ സാങ്കേതിക സ്റ്റാർട്ടപ്പായ പ്രൊഫസർ ഫോക്സ് എഐ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് 'ഫെസ്റ്റിവ'. മത്സരാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സംഘാടകർക്കും പൊതുജനങ്ങൾക്കും ആവശ്യമായ വിവരങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും. മത്സരാർഥിയുടെ രജിസ്റ്റർ നമ്പർ നൽകുന്നതിലൂടെ ഏതു വേദിയിലാണ് മത്സരം നടക്കുന്നതെന്ന് മനസ്സിലാക്കാം. മത്സരങ്ങൾ സംബന്ധിച്ച തത്സമയ വിവരങ്ങളും ലഭ്യമാണ്. ഓരോ വേദിയിലേക്കുമുള്ള ദിശാസൂചികയും തയ്യാറാക്കിയിട്ടുണ്ട്. കലോത്സവം നഗരിയിൽ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടാലോ കണ്ടുകിട്ടിയാലോ ആപ് വഴി അറിയാം. മത്സരശേഷം ഫലമടക്കമുള്ള വിവരങ്ങളും പ്രോഗ്രാം കമ്മിറ്റിയുടെ നിർദേശങ്ങളും വ്യത്യസ്ത ഐക്കൺവഴി കാണാനാകും. ഭക്ഷണ ഹാൾ, വിവിധ സ്ഥലങ്ങളിലെ ശുചിമുറികൾ, ഗ്രീൻ റൂം, സ്റ്റേജിത മത്സരങ്ങൾ നടക്കുന്ന മുറികൾ, വിവിധ വേദികളിൽനിന്നുള്ള ചിത്രങ്ങൾ എന്നിവയും ആപ്പിലൂടെ ലഭ്യമാകും. മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഫോട്ടോ, പേര്, പങ്കെടുത്ത ഇനം, സ്കൂളിന്റെ പേര് എന്നിവ നൽകിയാൽ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള പോസ്റ്ററുകളും തയ്യാറാക്കാൻ കഴിയുമെന്നതാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. യുവ സംരംഭകനായ അമീൻ ഷായുടെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘം, മഞ്ചേരി പട്ടർക്കുളം എയുപി സ്കൂൾ അധ്യാപകനായ ബാസിൽ, പാറയിൽ മമ്പാട്ടുമൂല എഎച്ച്എസ് അധ്യാപകനായ അബ്ദുൽ ഷരീഫ് എന്നിവരാണ് പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. കലോത്സവ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനാണ് മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയതെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ സരിത പറഞ്ഞു. ഫെസ്റ്റിവ മൊബൈൽ ആപ് ലോഞ്ചിങ് പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ പി മുനീർ നിർവഹിച്ചു. ഡിഡിഇ സക്കീന മലയിൽ കണ്ണഞ്ചേരി, ഈ ഷറഫുദ്ദീൻ, തിരൂർ എഇഒ ആർ പി ബാബുരാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ സരിത, ജോ. കൺവീനർ അജിത്ത് ലൂക്ക് എന്നിവർ സംസാരിച്ചു. വെബ്‌സൈറ്റ് https://kalolsavam.professorfox.ai/malappuram.








0 comments