Deshabhimani

റോഡല്ല, അപകടക്കെണി...

വെബ് ഡെസ്ക്

Published on Nov 28, 2026, 12:19 AM | 1 min read

കെ എ നിഥിൻ നാഥ്

തൃശൂർ

ഇനിയെത്ര ജീവനുകൾ പൊലിഞ്ഞാലാണ്‌ ദേശീയപാത അതോറിറ്റി അധികൃതരും നിർമാണം കന്പനിയും കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കുക എന്നാണ്‌ ആ റോഡിലൂടെ ഒന്ന്‌ യാത്ര ചെയ്‌താൽ മനസ്സിൽ വരുന്ന ചോദ്യം. അധികൃതഅനാസ്ഥയിൽ നിർമാണം നടക്കുന്നതിനിടെ നിരവധി അപകടങ്ങളിലായി പൊലിഞ്ഞത്‌ അനവധി ജീവനുകളാണ്‌. രാത്രിയിൽ മുന്നറിയിപ്പില്ലാതെ വഴിതിരിച്ചു വിടുകയും അതിന്‌ സമീപം നടത്തിയ അനധികൃത പാർക്കിങ്‌ തടയാതെയിരുന്നതാണ്‌ കയ്‌പമംഗലത്ത്‌ എട്ട്‌ കോളേജ്‌ വിദ്യാർഥികളുടെ ജീവനെടുത്തത്‌. രണ്ട്‌ വർഷം മുന്പ്‌ നാട്ടികയിൽ അഞ്ച്‌ നാടോടികളുടെ ജീവനെടുത്ത അപകടത്തിന്റെ കാരണവും ചെന്നെത്തുന്നത്‌ അധികൃത അനാസ്ഥയിലാണ്‌. മേയിൽ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ദേശീയപാതയിൽ രാത്രി നിർത്തിയിട്ടിരുന്ന ടോറസിന് പിറകിൽ കാറിടിച്ച് യുവാവ് മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കയ്‌പമംഗലത്ത്‌ രാത്രി ഒന്പതുവരെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. പിന്നീട് നിർദേശങ്ങളൊന്നും നൽകാതെ റോഡ് അടയ്ക്കുകയായിരുന്നു. തെരുവ്‌ വെളിച്ചമില്ലാത്ത ഇടത്ത്‌ റോഡിന്റെ ഗതിതിരിച്ചു വിടുന്നത്‌ മനസ്സിലാക്കാനും കഴിയുമായിരുന്നില്ല. കയ്‌പമംഗലത്തും നാട്ടികയിലും ഉണ്ടായ കൂട്ട മരണങ്ങൾ ഏത്‌ നിമിഷവും ആവർത്തിക്കാനുള്ള സാഹചര്യമാണ്‌ ദേശീയപാതയിലൂട നീളമുള്ളത്‌. പണി പൂർത്തിയായ ഇടങ്ങളിൽ മഹാഭൂരിപക്ഷം സ്ഥലത്തും തെരുവ്‌ വിളക്കുകളില്ല. എങ്ങണ്ടിയൂരടക്കം ചിലയിടങ്ങളിൽ വിളക്കുകൾ സ്ഥാപിച്ചെങ്കിലും അവ കത്തുന്നില്ല. എന്നാൽ ടോൾ ബൂത്തിനപ്പുറം ഗുരുവായൂർ പോകുന്ന ഭാഗത്ത്‌ പണി കഴിഞ്ഞ ഇടങ്ങളിൽപോലും തെരുവ്‌ വിളക്ക്‌ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ​ചേറ്റുവ, തൃപ്രയാർ എന്നീ പ്രധാന സെന്ററുകളിൽ സർവീസ്‌ റോഡ്‌ ഇപ്പോഴും അടച്ചിട്ടിരിക്കയാണ്‌. ​ദേശീയപാത 66-ൽ 10 ഫുട്ട് ഓവർ ബ്രിഡ്ജുകൾ നിർമിക്കാനാണ്‌ തീരുമാനിച്ചത്‌. ഇതിൽ വടാനപ്പള്ളി, തളിക്കുളം എന്നിവിടങ്ങളിൽ മാത്രമാണ്‌ നിർമാണം പൂർത്തിയായത്‌. വലപ്പാട്, ഏങ്ങണ്ടിയൂർ, എടക്കഴിയൂർ എന്നിവിടങ്ങളിൽ തുടങ്ങിയിട്ടുണ്ട്‌. ബാക്കി അഞ്ചെണ്ണത്തിന്റെ നിർമാണം ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഇവിടങ്ങളിൽ അതിവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക്‌ ഇടയിലൂടെ വേണം ആളുകൾക്ക്‌ റോഡ്‌ മുറിച്ച്‌ കടക്കാൻ. ​ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് എത്രയുംവേഗം ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടിട്ട്‌ മാസങ്ങളായി. എന്നാൽ ദേശീയപാത അധികൃതരും ഇതിന്‌ മേൽനോട്ട ചുമതലയുള്ള കലക്ടറും ഇതെല്ലാം നിരന്തരം അവഗണിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home