print edition ഏകോപനസമിതി വേണ്ടെന്ന് മുഖ്യമന്ത്രി; തർക്കപരിഹാരം അകലെ

പ്രത്യേക ലേഖകൻ
Published on Nov 28, 2026, 12:28 AM | 2 min read
തിരുവനന്തപുരം: കെപിസിസി വിലക്കിയിട്ടും പരസ്യ പ്രസ്താവനയും സൈബർ – ഫ്ലക്-സ് യുദ്ധവും കനക്കുമ്പോൾ നിർണായക വിഷയങ്ങളിൽ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിൽ ഗ്രൂപ്പുകൾ. പാർടിയിലും ഭരണതലത്തിലും പ്രശ്നം പിടിവിട്ടതോടെ പ്രശ്നപരിഹാരത്തിന് എഐസിസി വക്താക്കൾ തിരക്കിട്ട നീക്കമാണ് നടത്തുന്നത്. കെ സി വേണുഗോപാൽ, എ വിഭാഗങ്ങൾ മുന്നോട്ടുവയ്-ക്കുന്ന പരിഹാര ഫോർമുല അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി ഡി സതീശനോടൊപ്പമുള്ളവർ. മന്ത്രിസഭയിൽ സീനീയർമാരായ എല്ലാ നേതാക്കളുമുള്ളപ്പോൾ പ്രത്യേക ഏകോപനസമിതി ആവശ്യമില്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുകയാണെങ്കിൽ മുഖ്യമന്ത്രിക്ക് സമ്മതനായ ആളുവേണമെന്നും ഇവർ ആവശ്യപ്പെടുന്നു. എഐസിസി ചുമതലക്കാരി ദീപദാസ്‌മുൻഷി കൂടി ഉൾപ്പെടുന്ന ഏകോപനസമിതിയാണ് വേണുഗോപാൽ ലക്ഷ്യമിടുന്നത്.
നിർണായക തീരുമാനംപോലും ഇപ്പോഴും മുഖ്യമന്ത്രി മന്ത്രിമാരുമായി ചർച്ച ചെയ്യുന്നില്ലെന്ന് മറുവിഭാഗം നേതാക്കൾ പറയുന്നു. കെ മുരളീധരനും ലീഗ് മന്ത്രിമാരുമായേ മുഖ്യമന്ത്രി ആശയ വിനിമയം നടത്തുന്നുള്ളൂ. അങ്ങനെ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുമായി ഏകോപനസമിതി വഴിയേ കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനമെടുക്കാനും കഴിയൂ.
കേരളത്തിൽനിന്ന് ദീപദാസ്‌മുൻഷി ഉൾപ്പെടെ ചുമതലക്കാരും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഡൽഹിയിലുണ്ട്.താൻ ഒഴിയാൻ സന്നദ്ധനാണ്. പക്ഷേ, പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കുന്ന കാലം തന്നോടുകൂടി മുഖ്യമന്ത്രി കാര്യങ്ങൾ ആലോചിക്കണം എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന പ്രധാന ആവശ്യം.
കേരളത്തിലെ സ്ഥിതിഗതികൾ ഉടൻ പരിഹരിക്കണമെന്നും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലി മാറ്റണമെന്നും മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി, പിഎസ്‌സി നിയമന വിഷയങ്ങളിൽ തന്നോട് കൂടിയാലോചിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് സണ്ണി ജോസഫ്.
ഫ്ലക്‌സ് യുദ്ധവും തുടങ്ങി
പരസ്യ വെല്ലുവിളിക്കും സൈബർ ആക്രമണങ്ങൾക്കും പിന്നാലെ കോൺഗ്രസിൽ ഫ്ലക്‌സ് യുദ്ധവും തുടങ്ങി. ഷാഫി പറമ്പിലിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസിന്റെ പേരിൽ കണ്ണൂർ, പാലക്കാട്, കോഴിക്കോട്, എറണാകുളം ജില്ലകളിൽ വ്യാപകമായി ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
കോഴിക്കോട് ഡിസിസി ഓഫീസിന് സമീപം സ്ഥാപിച്ച ബോർഡ് രാവിലെ തന്നെ കോൺഗ്രസ് പ്രവർത്തകർ നീക്കി. ‘നോവിച്ചാൽ നോക്കിയിരിക്കില്ല' എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താനുള്ള മുന്നറിയിപ്പ്. കാസർകോട് ചെറുവത്തൂരിൽ പരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കെ ഉണ്ണിത്താനുനേരെ ഷാഫി അനുകൂലികളുടെ ആക്രോശവുമുണ്ടായി.
ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്റെ പിന്തുണയുള്ളതിനാൽ ഉണ്ണിത്താനെതിരെ പരസ്യമായി പ്രതികരിക്കാൻ മുതിർന്ന നേതാക്കൾ തയ്യാറായിട്ടില്ല. എന്നാൽ, സമൂഹമാധ്യമങ്ങളിലൂടെയുള്ള യുദ്ധം തുടരുന്നുണ്ട്.








0 comments