print edition പഞ്ചവത്സര സമീപനരേഖയിലും രഹസ്യ അജൻഡ; സ്ഥിരംനിയമനം കുറയും


സ്വന്തം ലേഖകൻ
Published on Nov 28, 2026, 12:37 AM | 1 min read
തിരുവനന്തപുരം: സ്ഥിരംനിയമനങ്ങൾ കുറച്ച് കരാർവൽക്കരണവും പുറംകരാറുമാകും അടുത്ത അഞ്ചുവർഷം സംസ്ഥാനത്ത് നടപ്പാക്കുകയെന്ന സൂചന നൽകി പഞ്ചവത്സര സമീപനരേഖ. നിയമസഭയിലെ നയപ്രഖ്യാപനത്തിലും ധവളപത്രത്തിലും ബജറ്റിലും വ്യക്തമാക്കിയ നയത്തിന്റെ ആവർത്തനവും പഞ്ചവത്സര പദ്ധതികളിലെ കേരളത്തിന്റെ സമീപനത്തിൽനിന്ന് കാതലായ മാറ്റവുമാണിത്. നിയമനങ്ങൾ കുറയ്‌ക്കുമെന്ന് നേരിട്ടുപറയാതെ ജീവനക്കാരുടെ ശമ്പള ചെലവിലെ വർധനവും സാമ്പത്തിക ഞെരുക്കവും ചൂണ്ടിക്കാട്ടി തൊഴിലവസരങ്ങൾ സ്വകാര്യ-പങ്കാളിത്ത മേഖലകൾക്ക് തീറെഴുതാനാണ് ശ്രമം.
റവന്യൂ വരവിന്റെ 77.6 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കാണ് പോകുന്നതെന്ന് ഡോ. കെ എം ചന്ദ്രശേഖർ വൈസ് ചെയർപേഴ്‌സണായുള്ള ആസൂത്രണ ബോർഡ് തയാറാക്കിയ പഞ്ചവത്സരപദ്ധതി സമീപനരേഖ ചൂണ്ടിക്കാട്ടുന്നു. കെ എം ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ തയാറാക്കിയ ധവളപത്രത്തിലും ഇതുണ്ടായിരുന്നു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതാണ് സർക്കാരിന്റെ വലിയ ബാധ്യതയെന്ന പ്രചാരണത്തിലൂടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്‌ലും പുതിയ നിയമനംഇല്ലാതാക്കലുമാണ് സർക്കാർ ലക്ഷ്യം. ശമ്പളപരിഷ്‌കരണത്തിനുള്ള അഞ്ചുവർഷ തത്വം അവസാനിപ്പിക്കാൻ കമീഷന്റെ പ്രവർത്തനംതന്നെ മരവിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. ക്ഷാമബത്ത കുടിശ്ശിക എട്ടുഗഡുക്കളായി നൽകാൻ എൽഡിഎഫ് സർക്കാർ പണം നീക്കിവച്ചെങ്കിലും യുഡിഎഫ് വന്നതോടെ അത് വെട്ടി.സേവന മേഖലകളിൽനിന്ന് സർക്കാർ പിന്മാറുന്നതിനാൽ സ്ഥിരം ജീവനക്കാർ വേണ്ടിവരില്ല. പകരം ഏജൻസികൾക്ക് പുറംകരാർ നൽകുകയാണ് ലക്ഷ്യം.









0 comments