print edition കേരള വിസി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു; ഇരുണ്ടകാലം സൃഷ്ടിച്ചിട്ട് പടിയിറക്കം

മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: തെറ്റായ പ്രചാരവേലകളുടെ ഇരുണ്ടകാലം സൃഷ്ടിച്ചിട്ടാണ് കേരള വിസി ചുമതലക്കാരന്റെ പടിയിറക്കമെന്ന് ഇടതുപക്ഷ സിൻഡിക്കറ്റ് അംഗങ്ങൾ പറഞ്ഞു. യാത്രയാകുമ്പോൾ ഒന്നും പറയേണ്ടെന്ന് കരുതിയപ്പോഴാണ് മോഹനൻ കുന്നുമ്മൽ ഒപ്പിട്ട സർട്ടിഫിക്കറ്റിന്റെയും അധ്യാപക പ്രൊമോഷന് സിൻഡിക്കറ്റ് നൽകിയ അനുമതിയുടെ കണക്കെടുക്കുന്നതും സിൻഡിക്കറ്റിൽ അവതരിപ്പിച്ചിട്ടില്ലാത്ത ഗവേഷണ ക്ലസ്റ്ററിന്റെ പേരിൽ കുമ്പസാരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. ഇത്തരമൊരു പദ്ധതി വിസി അവതരിപ്പിക്കുകയോ സിൻഡിക്കറ്റ് പരിശോധിക്കുകയോ ചെയ്തിട്ടില്ല.
മുൻബജറ്റിൽ പ്രഖ്യാപിച്ച് മുൻ സിൻഡിക്കറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിസർച്ച് ഫെസ്റ്റിൽ, വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി നടത്തിയ ആദ്യഘട്ടചർച്ച മറന്നിട്ടുണ്ടാകും. കേന്ദ്ര-–കേരള സർക്കാർ ഗവേഷണ സ്ഥാപനങ്ങളുണ്ടായിരുന്നു. ടെക്നോപാർക്കുമായി മുൻ വിസിയുടെയും സിൻഡിക്കറ്റിന്റെയും മുൻസർക്കാർ പ്രതിനിധികളുടെയും നേതൃത്വത്തിൽ ചർച്ചകളും നടത്തിയിരുന്നു. അതിൽനിന്ന് ഒരുചുവട് മുന്നോട്ടുപോകാൻ കഴിയാത്ത വിസി തെറ്റായ പ്രചാരവേലകളിൽ അഭിരമിക്കുകയാണ്. പൊതുസമൂഹത്തിന് മാതൃകയാകേണ്ട അക്കാദമികസ്ഥാനത്തെ ജനാധിപത്യവിരുദ്ധതയുടെയും സ്വാർഥതാൽപ്പര്യത്തിന്റെയും ഇടമാക്കിയിട്ടാണ് കുന്നുമ്മലിന്റെ പടിയിറക്കം. സർവകലാശാലയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാകുന്ന പുതിയ വിസി വരുമെന്നാണ് പ്രതീക്ഷയെന്ന് സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. എസ് നസീബ്, ഡോ. ടി ആർ മനോജ്, ഡോ. കെ റഹിം, ഡോ. എൻ പ്രമോദ്, പ്രൊഫ. വി മനോജ്, ഡി എൻ അജയ്, എസ് ശ്രീജിത് എന്നിവർ പറഞ്ഞു.









0 comments