കൈകൂപ്പി കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി കൗമാരപ്രതിഭകളുടെ സർഗചാരുതകൾ ഇതൾ വിടർത്തുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ശനിയാഴ്‌ച കാഞ്ഞിരപ്പള്ളിയിൽ അരങ്ങുണരും. കലോത്സവത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ശനി രാവിലെ ഒന്പതിന് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി ഗ്രൗണ്ടിൽനിന്ന് ആരംഭിക്കും. ഘോഷയാത്രയിൽ വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും അണിനിരക്കും. സെന്റ് ഡൊമിനിക് സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. രാവിലെ 10.30-ന് വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്‌സാണ്ടർ പതാക ഉയർത്തും. മന്ത്രി മോൻസ് ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്യും. 6000 പ്രതിഭകൾ, 15 വേദികൾ ശനി, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളിയിലെ വിവിധ സ്കൂളുകളിലായി സജ്ജീകരിച്ചിട്ടുള്ള 15 വേദികളിലാണ് മത്സരങ്ങൾ. വേദികൾക്ക് നീലാംബരി, മോഹനം, കല്യാണി, ശങ്കരാഭരണം, ഹംസധ്വനി, കാംബോജി, മധ്യമാവതി, തോടി, ഹിന്ദോളം, ആനന്ദഭൈരവി, ആഭേരി, രേവതി, കീരവാണി, സിന്ധുഭൈരവി എന്നിങ്ങനെ പേരിട്ടിരിക്കുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയർ സെക്കൻഡറി സ്‌കൂളാണ് പ്രധാന വേദി. സെന്റ് ഡൊമിനിക് എച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ്എസ്, എകെജെഎം എച്ച്എസ്എസ്, എൻഎച്ച്എ യുപിഎസ്, ഗവ. എച്ച്എസ്എസ് പേട്ട, മൈക്ക എച്ച്എസ്എസ് മഹാജൂബിലി ഹാൾ (കാഞ്ഞിരപ്പള്ളി) എന്നിവയാണ് വേദികൾ. 13 ഉപജില്ലകളിൽനിന്നായി 6,000-ത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും. 300-ലധികം മത്സരയിനങ്ങളുണ്ട്. സമാപന സമ്മേളനത്തിൽ കലക്ടർ ചേതൻകുമാർ മീണ സമ്മാനം നൽകും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് റോണി കെ ബേബി എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനറൽ കൺവിനർ ഹണി ജി അലക്‌സാണ്ടർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ എസ് സുൾഫിക്കർ, എൻ ബിന്ദു എന്നിവരും പങ്കെടുത്തു.









0 comments