സർക്കാരിന്റെ ഇരട്ടത്താപ്പ്
print edition പൊലീസ് സ്‌റ്റേഷനിൽ ജന്മഭൂമിക്ക് ‘ആഹാ’, ജയിലിൽ ദേശാഭിമാനിക്ക് ‘ഓഹോ ’

തിരുവനന്തപുരം: പാർടി പത്രങ്ങൾക്ക് ജയിൽവകുപ്പ് വിലക്ക് ഏർപ്പെടുത്തുന്പോൾ അതേ ആഭ്യന്തരവകുപ്പിന് കീഴിലെ പൊലീസ് സ്‌റ്റേഷനുകളിൽ ബിജെപി മുഖപത്രമായ ജന്മഭൂമിക്ക് വിലക്കില്ല. വർഗീയ നിലപാടുകൾ മാത്രമുയർത്തുന്ന ഇൗ പത്രം എല്ലാ സ്‌റ്റേഷനുകളിലും ഗാർഡുകളിലും യഥേഷ്‌ടം വരുന്നുണ്ട്. ദേശാഭിമാനിയെ ലക്ഷ്യമിട്ട് പാർടി പത്രങ്ങൾക്ക് ജയിലുകളിൽ വിലക്കേർപ്പെടുത്തിയ ആഭ്യന്തരവകുപ്പ് ഇത് കണ്ടഭാവം നടിക്കുന്നേയില്ല.
പല സ്റ്റേഷനുകളിലും ബിജെപി ഭാരവാഹികളാണ് ജന്മഭൂമി വരുത്തുന്നത്. പണം നൽകുന്ന പൊലീസുകാരുമുണ്ട്. ഇൗ പത്രം റിസപ്‌ഷനിലടക്കം വായനയ്‌ക്ക് പ്രദർശിപ്പിക്കുന്ന സ്‌റ്റേഷനുകളുണ്ട്. ജന്മഭൂമി കാന്പയിനും ചില സ്‌റ്റേഷനുകളിൽ ഇൗ അടുത്ത് നടന്നിട്ടുണ്ട്. എന്നിട്ടും നടപടിയില്ല.
നിയമപ്രകാരം പ്രസിദ്ധീകരിക്കുന്ന ഏത് പത്രവും വായിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. തടവുകാർക്ക് മാത്രം അത് നിഷേധിക്കുകയാണ്. രാഷ്‌ട്രീയം ഇല്ലെന്ന പറയുന്ന പത്രങ്ങൾ നേരിട്ട് രാഷ്‌ട്രീയം വിളന്പുന്ന കാലത്താണ് ജയിലുകളിൽ രാഷ്‌ട്രീയ പത്രങ്ങൾക്ക് വിലക്ക്. ദേശാഭിമാനി ഉയർത്തിപ്പിടിക്കുന്ന നിലപാടുകളും പത്രത്തിന്റെ ജനകീയതയും സർക്കാരിനെ ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവാണിത്.
ജയിലുകളിലെ പത്രനിരോധനം ജനാധിപത്യവിരുദ്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ പാര്‍ടി മുഖപത്രങ്ങള്‍ നിരോധിച്ചുള്ള ജയില്‍ ഡിജിപിയുടെ ഉത്തരവ് ജനാധിപത്യ വിരുദ്ധമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. രാഷ്ട്രീയ പ്രബുദ്ധതയുള്ള സംസ്ഥാനത്ത് ജയിലുകളിൽ അടയ്ക്കപ്പെടുന്നവരുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല.
സര്‍ക്കാര്‍ ആഗ്രഹിക്കുന്ന പത്രങ്ങള്‍മാത്രം വായിച്ചാല്‍ മതിയെന്നത് ഫ്യൂഡല്‍ മനോഭാവമാണ്. ഉത്തരവ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ജയിൽമേധാവിയുടെ നടപടി പ്രാകൃതം: എം വി ജയരാജൻ
കണ്ണൂർ: ജയിലുകളിൽ ദേശാഭിമാനിയുൾപ്പെടെയുള്ള രാഷ്ട്രീയപാർടികളുടെ പത്രങ്ങൾ വിലക്കിയ ജയിൽമേധാവിയുടെ നടപടി പ്രാകൃതമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കണം.
ജയിൽവ്യവസ്ഥ ലംഘിക്കുന്ന ജയിൽമേധാവിയുടെ നടപടി ആഭ്യന്തര മന്ത്രിയറിയാതെയുണ്ടാവില്ല. അടിയന്തരാവസ്ഥക്കാലത്ത്പോലും സ്വീകരിക്കാത്ത ഇൗ നടപടിയിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജയിൽമേധാവിയുടെ ഉത്തരവ് ബ്രിട്ടീഷുകാരുടെ കാലത്തായിരുന്നെങ്കിൽ ഗാന്ധിജിക്ക് ജയിലിൽകിടന്ന് കാൾ മാർക്‌സിന്റെ മൂലധനം വായിക്കാനാകുമായിരുന്നില്ല. നെഹ്‌റുവും ജയിലിൽനിന്ന് കമ്യൂണിസ്‌റ്റ് ആശയങ്ങളുള്ള പുസ്‌തകങ്ങൾ വായിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ ഏർപ്പടുത്താത്ത നിരോധനമാണ് ചെന്നിത്തല ജയിലുകളിൽ നടപ്പാക്കുന്നത്. ജയിലുകളിൽ അർഹതപ്പെട്ട പരോളും നിഷേധിക്കുകയാണ്.
ഒരു തടവുകാരന്റെ പിതാവ് മരിച്ചപ്പോൾ പരോൾ അനുവദിച്ചില്ല. തുടർന്ന് കോടതിവഴി പരോൾ കിട്ടുംവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കേണ്ടിവന്നു. നീതി നിഷേധമാണിത്. ഇത്തരം തെറ്റായ നടപടി സർക്കാർ തിരുത്തണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.









0 comments