ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ് പടവെട്ടി കേരളം ഒന്നാമത്

തിരുവനന്തപുരം
ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളം ഒന്നാംസ്ഥാനത്ത്. 62 പോയിന്റുകളുമായാണ് കേരളത്തിന്റെ കുതിപ്പ്. 40 പോയിന്റുമായി തമിഴ്‌നാട് രണ്ടാംസ്ഥാനത്തും 28 പോയിന്റുമായി കർണാടകം മൂന്നാംസ്ഥാനത്തുമാണ്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിലെ പൂന്തുറ സോമൻ നഗറിലാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. 29ന് മത്സരങ്ങൾ സമാപിക്കും. 18 സംസ്ഥാനങ്ങളിൽനിന്നുള്ള 700-ലധികംപേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന മത്സരങ്ങളിൽ വിജയിച്ചവരാണ് ദേശീയവേദിയിൽ മാറ്റുരയ്ക്കുന്നത്. മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകൈ പയറ്റിനങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ചാമ്പ്യൻഷിപ് മുൻ ഇന്ത്യൻ ബോക്സിങ് താരം കെ സി ലേഖ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡോ. പി ബി സുമേഷ് അധ്യക്ഷനായി. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. അമ്പു ആർ നായർ, ടെക്‌നിക്കൽ ഡയറക്ടർ കെ സുനിൽ കുമാർ, എ എം കെ നിസാർ, സ്‌പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് ഓഫ് കേരളം സെക്രട്ടറി പി ശശിധരൻ നായർ, കെ ജി വിധുമോഹൻ, കേരള കളരിപ്പയറ്റ് അ സോസിയേഷൻ പ്രസിഡന്റ് എം കെ രാജഗോപാലൻ, അസം കളരിപ്പയറ്റ് അസോസിയേഷൻ സെ ക്രട്ടറി പപ്പു ഖാൻ, ഗോവ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി രഞ്ജൻ മുള്ളറാട്ട്, തമിഴ്‌നാട് കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് ദേവരാജൻ, ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം പി ഇ ശ്രീജയൻ എന്നിവർ സംസാരിച്ചു.









0 comments