Deshabhimani

ശുചിമുറിയിൽ രോഗി മരിച്ചുകിടന്ന സംഭവം അന്വേഷണം പ്രഹസനം

വെബ് ഡെസ്ക്

Published on Nov 28, 2026, 12:08 AM | 1 min read

തൃശൂർ

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മാക്കുട്ടി റാവുത്തർ ശുചിമുറിയിൽ 36 മണിക്കൂർ മരിച്ചിരുന്ന സംഭവത്തിൽ അന്വേഷണം പ്രഹസനമാകുന്നു. ആശുപത്രി അധികൃതർക്ക്‌ സംഭവിച്ച വീഴ്‌ചകൾ മറച്ചുവച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കാനാണ്‌ നീക്കം. രോഗി കിടന്നിരുന്ന 11–ാം വാർഡിൽ ഇ‍ൗ ദിവസങ്ങളിൽ ചുമതലയിലുണ്ടായിരുന്ന ശുചീകരണ തൊഴിലാളികൾ, നഴ്‌സുമാർ, ഡോക്ടർമാർ എന്നിവരുടെ മൊഴി മാത്രമാണ്‌ രേഖപ്പെടുത്തുന്നത്‌. ഇയാളുടെ പോസ്റ്റ്‌മോർട്ടം –ചികിത്സാ റിപ്പോർട്ടുകൾ അന്വേഷകസംഘം ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാൽ ചികിത്സയിലുണ്ടായ ഗുരുതര വീഴ്‌ചകൾ സംബന്ധിച്ച്‌ അന്വേഷക സംഘം പരിശോധിക്കുന്നില്ല. മാക്കുട്ടി റാവുത്തറെ നവംബർ 16ന്‌ ഹൃദ്രോഗത്തെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഒരു തവണപോലും ബന്ധപ്പെട്ട ഡോക്ടർ പരിശോധിച്ചിട്ടില്ല. ഇത്‌ സംബന്ധിച്ച വിവരം ഇയാളുടെ ചികിത്സാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. രോഗിയെ കണ്ടിട്ടില്ല എന്നാണ്‌ ഫയലിൽ ഡോക്ടർ എഴുതിയിട്ടുള്ളത്. എന്നാൽ ഗുരുതര രോഗമുള്ള ഇയാൾക്ക്‌ ഡോക്ടർ പരിശോധിക്കാതെ മരുന്ന്‌ നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഇ‍ൗ ഗുരുതര വീഴ്‌ച പരിശോധിക്കാതെ അന്വേഷണം അവസാനിപ്പിക്കാനാണ്‌ നീക്കം.ലെയ്സൺ ഓഫീസർ ഡോ. സി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള നാലംഗങ്ങൾ മെഡിക്കൽ കോളേജ്‌ ആശുപത്രി അഡ്‌മിനിസ്‌ട്രേഷന്റെ ഭാഗമായുള്ളവരാണ്‌. അധികൃതതലത്തിൽ സംഭവിച്ച വീഴ്‌ചയെക്കുറിച്ച്‌ അവർ തന്നെ അന്വേഷിച്ചാൽ സത്യം പുറത്ത്‌ വരില്ലെന്ന വിമർശം ഉയർന്നിട്ടുണ്ട്‌. മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ പുറത്തുള്ളവരുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാണ്‌ ആവശ്യം. മരണത്തിൽ ദുരൂഹതയുണ്ടെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത്‌നിന്നുണ്ടായ വീഴ്‌ച പരിശോധിക്കണമെന്നും മാക്കുട്ടി റാവുത്തറിന്റെ മകൾ ബീപാത്തുമ്മ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാൽ മകളുടെ ആവശ്യവും നിലവിൽ അന്വേഷകസംഘം പരിഗണിച്ചിട്ടില്ല. ശനിയാഴ്‌ച റിപ്പോർട്ട്‌ സമർപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home