യുഡിഎഫ് കാലത്തെ തീരുമാനങ്ങൾ കുരുക്കായി
നിലമ്പൂർ ബൈപാസിന് വീണ്ടും നിര്‍മാണോദ്ഘാടനം

സ്വന്തം ലേഖകൻ
നിലമ്പൂർ
കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് നിര്‍മാണ ഉദ്ഘാടനം നടത്തിയ നിലന്പൂര്‍ ബൈപാസിന് പത്ത് വര്‍ഷത്തിനുശേഷം വീണ്ടും നിര്‍മാണോദ്ഘാടനം. 2016ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് നിർമാണത്തിന് തുടക്കമിട്ട പദ്ധതിക്കാണ് പത്തുവർഷത്തിനിപ്പുറം മുഖ്യമന്ത്രി വീണ്ടും "തുടക്ക'മിടുന്നത്. ശനിയാഴ്ച പകൽ 11-നാണ് ചടങ്ങ്. പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ അധ്യക്ഷനാകും. എൽഡിഎഫ് സർക്കാർ അനുവദിച്ച 227.18 കോടി രൂപ ചെലവിലാണ് നിർമാണം.
പദ്ധതി വൈകിപ്പിച്ചത് യുഡിഎഫ്
ബൈപാസ് പദ്ധതി വൈകാനും ചെലവ് കുത്തനെ ഉയരാനും കാരണം യുഡിഎഫ് ഭരണകാലത്തെ തീരുമാനങ്ങളാണെന്ന് സിപിഐ എം നിലമ്പൂർ ലോക്കൽ കമ്മിറ്റി ആരോപിച്ചു. ആറുകിലോമീറ്ററോളം ഭൂമി ഏറ്റെടുക്കേണ്ട പദ്ധതിയിൽ 960 മീറ്റർമാത്രം ഏറ്റെടുത്ത് ടെൻഡർ നടത്തിയതാണ് പ്രധാന പ്രതിസന്ധിയായത്. ഭൂമി ലഭിക്കാതെ വന്നതോടെ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു.
1998-ൽ എൽഡിഎഫ് സർക്കാരാണ് പദ്ധതിക്ക് വിജ്ഞാപനമിറക്കിയത്. എന്നാൽ നിലമ്പൂർ–ചന്തക്കുന്ന് ഭാഗത്തെ വൻകിട ഭൂവുടമകളുടെ താൽപ്പര്യം സംരക്ഷിക്കാൻ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് അന്നത്തെ എംഎൽഎ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി. 2001-ൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ കെഎസ്ഡിപിയെക്കൊണ്ട് നടത്തിയ പഠനത്തിനൊടുവിൽ പദ്ധതി ഉപേക്ഷിച്ചു. 2006-ൽ എൽഡിഎഫ് സർക്കാരാണ് പദ്ധതി പുനരാരംഭിച്ചത്. 2009-ലെ ബജറ്റിൽ 11 ബൈപാസുകൾക്കായി അനുവദിച്ച 112 കോടിയിൽ 25 കോടി നിലമ്പൂരിനായിരുന്നു. എന്നാൽ 30 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സ്ഥലമുടമകൾ രംഗത്തെത്തി. നഷ്ടപരിഹാരത്തിലെ കാലതാമസം ഉൾപ്പെടെയുള്ള ആശങ്കകളും ഉയർന്നു. തുടർന്ന് സ്ഥലമുടമകൾ ഹൈക്കോടതിയെ സമീപിച്ചു. 2009, 2020, 2021, 2023 വർഷങ്ങളിലായി വിവിധ കേസുകളുണ്ടായി. 2023 ഡിസംബർ 13-ന് കോടതി കേസുകൾ തീർപ്പാക്കി. ഭൂമി ഏറ്റെടുക്കൽ നടപടികളിലെ വീഴ്ചകൾ 2017, 2022 വർഷങ്ങളിലെ സിഎജി റിപ്പോർട്ടുകളിലും പരാമർശിച്ചിട്ടുണ്ട്.
കാലതാമസത്തിനിടെ പദ്ധതിയുടെ എസ്റ്റിമേറ്റ് 2013-ലെ 35 കോടിയിൽനിന്ന് 2018-ൽ 86 കോടിയായും 2021-ൽ 140 കോടിയായും 2023-ൽ 154.6 കോടിയായും ഉയർന്നു. 2025-ൽ ഇത് 227.18 കോടിയിലെത്തി. 2001-ൽ പദ്ധതി പൂർത്തിയാക്കിയിരുന്നെങ്കിൽ ഇത്രയും സാമ്പത്തിക ബാധ്യത ഒഴിവാക്കാമായിരുന്നുവെന്നാണ് സിപിഐ എമ്മിന്റെ വാദം.
2023 ഫെബ്രുവരി 18-ന് നിയോഗിച്ച സാമൂഹിക ആഘാത പഠനസമിതി ആറുമാസത്തിനുശേഷം റിപ്പോർട്ട് സമർപ്പിച്ചു. 2024 ജൂലൈ ഒമ്പതിന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പദ്ധതിച്ചെലവ് 227.18 കോടിയായി കണക്കാക്കി. 2025 മെയ് 20-ന് സർക്കാർ ഭരണാനുമതി നൽകി. ഭൂമി ഏറ്റെടുക്കലിന് 109.80 കോടിയും റോഡ് നിർമാണത്തിന് 93.67 കോടിയും മറ്റ് സൗകര്യങ്ങൾ മാറ്റിസ്ഥാപിക്കാൻ 23.70 കോടിയുമാണ് അനുവദിച്ചത്. മുഴുവൻ തുകയും എൽഡിഎഫ് സർക്കാർ അനുവദിച്ചതാണെന്നും സിപിഐ എം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.








0 comments