ഹരിതകർമസേനയ്ക്ക് യൂണിഫോം
തിരുവില്വാമലയിൽ സാന്പത്തിക തട്ടിപ്പ്

കെ എ നിധിൻനാഥ്
തൃശൂർ
ബിജെപി ഭരിക്കുന്ന തിരുവില്വാമല പഞ്ചായത്തിൽ ഹരിതകർമസേന അംഗങ്ങൾക്ക് യൂണിഫോം വാങ്ങിയതിന്റെ മറവിൽ സാന്പത്തിക തട്ടിപ്പ്. 1.34 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിഫോം വാങ്ങിയത്. എന്നാൽ ഇതിനായി ഹരിതകർമസേനയുടെ കൺസോർഷ്യം അക്കൗണ്ടിൽ നിന്ന് 1.60 ലക്ഷം രൂപ പിൻവലിച്ചു. രണ്ട് സെറ്റ് ചുരിദാറും ഓവർകോട്ടും മാത്രമാണ് നൽകിയത്. ഷൂ, തൊപ്പി, മാസ്‌ക്, കൈയുറ എന്നിവ നൽകിയില്ല. ബിജെപി നേതാവും പഞ്ചായത്ത് പ്രസിഡന്റുമായ കൃഷ്ണപ്രസാദും ഹരിതകർമ സേന കൺസോർഷ്യം ഭാരവാഹിയായ ബിജെപി പ്രവർത്തകയും ചേർന്ന് നടപടികൾ ക്രമങ്ങൾ പാലിക്കാതെ വിഇഒയുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഒരു ലക്ഷം രൂപയിൽ അധികമുള്ള സാധനങ്ങൾ വാങ്ങുന്നതിന് ഓപ്പൺ ടെണ്ടർ വിളിക്കണമെന്നാണ് നിയമം. ദിനപത്രങ്ങളിൽ പരസ്യവും നൽകണം. എന്നാൽ ഇതൊന്നും ചെയ്യാതെയാണ് കരാർ നൽകിയത്. ഇത് കേരള സ്റ്റോർ പർച്ചേസ് റൂൾസും ധനകാര്യ ചട്ടങ്ങളുടെ ലംഘനമാണ്. ഈ പർച്ചേസിനോ ഫണ്ട് പിൻവലിക്കലിനോ തിരുവില്വാമല പഞ്ചായത്ത് ഭരണസമിതിയോ പർച്ചേസ് കമ്മിറ്റിയോ ഭരണാനുമതിയോ സാമ്പത്തിക അനുമതിയോ നൽകിയിട്ടില്ല. ഫണ്ട് തട്ടിപ്പ് മറച്ചുവയ്‌ക്കാൻ സ്ഥാപനങ്ങളുടെ വ്യാജ ബില്ലുകളും രേഖകളും നിർമിച്ചിട്ടുമുണ്ട്. കുറവ് തുകയ്‌ക്ക് ടെണ്ടർ നൽകിയ കുടുംബശ്രീ യൂണിറ്റിനെ കൊണ്ട് കൂടുതൽ തുകയ്ക്ക് ടെണ്ടർ വാങ്ങിയശേഷം വിഇഒ ഇവരെ ഒഴിവാക്കിയെന്നാണ് ആരോപണം. ആദ്യം 1.10 ലക്ഷം രൂപയ്‌ക്കാണ് ടെൻഡർ നൽകിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞതിനെ തുടർന്ന് 1.39 ലക്ഷം രൂപയാക്കി ഉയർത്തി നൽകി. തുടർന്നാണ് 1.34 ലക്ഷത്തിന് സ്വകാര്യ വ്യക്തിക്ക് ടെണ്ടർ നൽകിയത്. ബിജെപി ഭരണസമിതി നേതൃത്വത്തിൽ നടത്തിയ തട്ടിപ്പിനെതിരെ സിപിഐ എം പാർലമെന്ററി പാർടി നേതാവ് എസ് ദിലീപ് വിജിലൻസിന് പരാതി നൽകി.









0 comments