print edition ജനാധിപത്യം അട്ടിമറിക്കാൻ അനുവദിക്കില്ല; ലോക്‌ഭവനിലേക്ക് വിദ്യാർഥിമാർച്ച്

ലോക്‌ഭവനിലേക്ക് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ചിനെ അഭിവാദ്യംചെയ്യുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ രാജൻ, എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജി തുടങ്ങിയവർ
തിരുവനന്തപുരം : ജനാധിപത്യം അട്ടിമറിക്കാൻ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കാൻ നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രക്ഷോഭം തുടർന്ന് വിദ്യാർഥികൾ. ഡൽഹി സമരത്തിന്റെ തുടർച്ചയായി ലോക്‌ഭവനിലേക്ക് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ മാർച്ച് നടത്തി.
ഗവർണറായി ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കുന്ന ദിവസംതന്നെ ലോക്‌ഭവനിലേക്ക് നടന്ന മാർച്ച് കേരളത്തിന്റെ പ്രതിഷേധത്തിന്റെ വിളംബരം കൂടിയായി. തിരുവനന്തപുരം പാളയം കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം ലോക്‌ഭവനുമുന്നിൽ വൻ പൊലീസ് സന്നാഹം ബാരിക്കേഡ് കെട്ടി തടഞ്ഞു. ധർണ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു.
എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ രാജൻ, എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, എസ്‌യുസിഐ സംസ്ഥാന സെക്രട്ടറി ജെയ്‌സൺ ജോസഫ്, എഐഡിഎസ്‌ഒ സംസ്ഥാന പ്രസിഡന്റ് എസ് അലീന, സെക്രട്ടറി ആർ അപർണ എന്നിവർ സംസാരിച്ചു.
എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി എ അഥിൻ സ്വാഗതം പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, എഐഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.









0 comments